• Mon. Apr 21st, 2025

24×7 Live News

Apdin News

പി.വി അൻവർ – Chandrika Daily

Byadmin

Apr 20, 2025


മലപ്പുറം: എഡിജിപി എം.ആർ അജിത്കുമാറിന് വിശിഷ്ട സേവാ മെഡലിനുള്ള ശിപാർശയിലൂടെ പിണറായി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മുൻ എംഎൽഎ പി.വി അൻവർ. പച്ചയായ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തിക്കാണ് മെഡലിനുള്ള ശിപാർശ. ഐബി റിപ്പോർട്ട് പോലും അജിത്കുമാറിന് എതിരായിരുന്നല്ലോ. കേന്ദ്രം നാലു പ്രാവശ്യം നിരസിച്ചു. ഇപ്പോഴത്തെ ശിപാർശയ്ക്ക് പിന്നിൽ പിണറായി വിജയന്റെ താത്പര്യമാണെന്നും അൻവർ ആരോപിച്ചു.

അജിത് കുമാറിനെ ഡിജിപിയായി നിയമിക്കാനുള്ള പരിശ്രമം നടക്കുന്നു. അതിന് സഹായകരമാവുന്ന ഒരു ഉപകരണമായി രാഷ്ട്രപതിയുടെ സേവാ മെഡലിനെ മാറ്റാനാണ് നീക്കം. രാഷ്ട്രപതിയുടെ വിശിഷ്ട സേവാ അവാർഡ് കിട്ടിയ ഉദ്യോഗസ്ഥനാണ് എന്നൊക്കെ പറഞ്ഞ് ജനങ്ങളെ പൊട്ടന്മാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണിതെന്നും അൻവർ പ്രതികരിച്ചു.

ഇതിൽ അത്ഭുതമൊന്നുമില്ല. പിണറായിയിൽ നിന്നും ഓഫീസിൽ നിന്നും ഇത്തരം കാര്യങ്ങൾ മാത്രമാണ് പ്രതീക്ഷിക്കാനുള്ളത്. കേരളത്തിൽ ബിജെപിക്ക് സീറ്റുണ്ടാക്കി കൊടുത്തത് അജിത്കുമാറാണ്. ഇത്രകാലം അവർ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നടക്കാത്തൊരു കാര്യം സാധിപ്പിച്ചുകൊടുത്ത വ്യക്തിയാണ്. സ്വാഭാവികമായും ക്ലിയറൻസ് കിട്ടിയാൽ മെഡൽ കിട്ടാൻ സാധ്യതയുണ്ട്. ഇതെല്ലാം കേരളത്തിലെ ജനങ്ങൾ മനസിലാക്കട്ടെ.

അജിത്കുമാറിനെതിരെ താൻ നടത്തിയ അഴിമതിയാരോപണങ്ങളിൽ പൊലീസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ടിന്റെ കോപ്പി പോലും പരാതിക്കാരനായ തനിക്ക് നൽകിയിട്ടില്ല. റിപ്പോർട്ട് കിട്ടിയാലല്ലേ കോടതിയിൽ പോകാനാവൂ. ഇനിയിപ്പോ ആ കോപ്പി കിട്ടാൻ കോടതിയിൽ പോവേണ്ട അവസ്ഥയാണ്.

അത്രയും സംരക്ഷിതവലയമാണ് നാലുഭാഗത്തും മുഖ്യമന്ത്രി ഒരുക്കിയിരിക്കുന്നത്. അധാർമിക ബന്ധത്തിന്റെ സൂചനകൾ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തീരുമാനങ്ങളാണ് സർക്കാരിൽ നിന്നും വരുന്നത്. ഇതിനൊക്കെ തിരിച്ചടി നൽകാൻ 2026ൽ തെരഞ്ഞെടുപ്പ് വരുന്നുണ്ട്. ആ ജനകീയ കോടതിയിൽ തിരിച്ചടി ലഭിക്കും. അതിന്റെ പ്രതിഫലനം നിലമ്പൂരിലുമുണ്ടാകും.

നിലവിലെ സാഹചര്യത്തിൽ മെഡലിനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു ഒത്തുതീർപ്പിന്റെ ഭാഗമായിട്ടായിരിക്കും വീണ്ടും ശിപാർശ ചെയ്തിരിക്കുന്നത്. അധികം വൈകാതെ അക്കാര്യം വ്യക്തമാകുമെന്നും അൻവർ കൂട്ടിച്ചേർത്തു.



By admin