ബിജെപി നേതാവ് സി.കൃഷ്ണകുമാറിനെതിരായ പീഡന പരാതിയില്‍ ഉറച്ച് നിന്ന് യുവതി. പരാതി നല്‍കിയതിന്റെ പേരില്‍ തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി സി.കൃഷ്ണകുമാര്‍ മാത്രമാണെന്ന് യുവതി പറഞ്ഞു.
സി.കൃഷ്ണകുമാറിനെതിരെ ബി.ജെ.പി.അധ്യക്ഷനയച്ച പീഡന പരാതി ചോര്‍ത്തിയത് താനല്ല. ‘ഞാനല്ല ബി.ജെ.പി.അധ്യക്ഷനയച്ച പരാതി ചോര്‍ത്തിയത്. അദേഹത്തിന് നെല്ലും പതിരും ബോധ്യപ്പെടുമെന്നാണ് വിശ്വാസം. പരാതി നല്‍കുന്ന സമയത്ത് നിയമപരമായ പല കാര്യങ്ങളിലും വ്യക്തത ഇല്ലായിരുന്നു. ആദ്യ കാലത് ഒരു അഭിഭാഷകന്‍ പോലും ഇല്ലായിരുന്നു. രാഷ്ട്രീയ സ്വാധീനം മൂലം പലരും ഒഴിഞ്ഞുമാറി. പത്ര സമ്മേളനത്തില്‍ ഏത് കേസിലെ വിധിയാണെന്ന് പോലും ക്യഷ്ണ കുമാറിന് ക്യത്യമായി പറയാന്‍ കഴിഞ്ഞില്ല.
എന്നെ വലിച്ചിഴയ്ക്കുന്നതും മര്‍ദിക്കുന്നതും നൂറുകണക്കിന് ആളുകള്‍ കണ്ടതാണ്. ഇന്നത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ചികിത്സയ്ക്ക് പണം നല്‍കിയത്. 11 വര്‍ഷം കഴിഞ്ഞ് ബി.ജെ.പി.അധ്യക്ഷന് പരാതി നല്‍കാന്‍ കാരണമുണ്ട്. പുതിയ അധ്യക്ഷന്‍ കാര്യങ്ങള്‍ അറിയണം. പീഡകര്‍ കുടുംബത്തിനുള്ളില്‍ തന്നെയാകുമ്പോള്‍ പീഡനം മറച്ചുവേക്കേണ്ട അവസ്ഥവന്നു.
എല്ലാ കാര്യങ്ങളും അറിയുന്ന ശോഭാ സുരേന്ദ്രന്‍ എനിക്കായി ശബ്ദം ഉയര്‍ത്തണം. വി മുരളീധരനും , കെ സുരേന്ദ്രനും സി കൃഷ്ണകുമാറിന് സംരക്ഷണ കവചം ഒരുക്കിയപ്പോള്‍ മൗനമായി ഇരിക്കേണ്ടി വന്നു. പരാതി കൊടുത്തതിന്റെ പേരില്‍ നാളെ എന്റെ ജീവന്‍ ഇല്ലാതായാല്‍ അതിന് ഉത്തരവാദി സി . കൃഷ്ണകുമാര്‍ മാത്രമാണ്. കൃഷ്ണകുമാറിന്റെ ഇരകളാക്കപെട്ട സ്ത്രീകള്‍ പാലക്കാട് ഉണ്ട്. കൃഷ്ണ കുമാറിന് സ്ത്രീ സുരക്ഷയെ പറ്റി പറയാന്‍ എന്ത് യോഗ്യതയാണ് ഉള്ളത്,’ പരാതിക്കാരി മാധ്യമങ്ങള്‍ക്കയച്ച സന്ദേശത്തില്‍ കുറിച്ചു.