കോട്ടയം: ആരോപണ വിധേയനായ യുവ രാഷ്‌ട്രീയ നേതാവില്‍ നിന്ന് തനിക്കുമാത്രമല്ല, ആ രാഷ്‌ട്രീയ പ്രസ്ഥാനത്തിലെ നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വരെ ദുരനുഭവമുണ്ടായെന്ന അപകടകരമായ വെളിപ്പെടുത്തലും പുതുമുഖ നടി നടത്തി. ആരോപണ വിധേയനായ വ്യക്തി ആരെന്നോ, അവരില്‍നിന്ന് മോശം അനുഭവം ഉണ്ടായത് ആര്‍ക്കൊക്കെയെന്നോ വ്യക്തമാക്കാതെ വന്നതോടെ ഒട്ടേറെപ്പേര്‍ അപമാനിതരാവുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായിരിക്കുന്നത്. ആ പ്രസ്ഥാനത്തിലെ നേതാക്കന്‍മാരുടെ കുടുംബബന്ധങ്ങളെപ്പോലും ശിഥിലമാക്കുന്ന വെളിപ്പെടുത്തലായിപ്പോയി ഇത്.
ആരോപിതന്‌റെ പേരു പറയാതെ ആരോപണങ്ങള്‍ ഉന്നയിച്ച നടിയും പല നേതാക്കന്‍മാരുടെ ഭാര്യമാരേയും പെണ്‍മക്കളെയും സംശയ നിഴലിലാക്കിയ റിപ്പോര്‍ട്ടര്‍ ചാനലും ഇക്കാര്യത്തില്‍ അധാര്‍മികമായാണ് പെരുമാറിയതെന്ന ആക്‌ഷേപം ശക്തമാണ്.
ഇത്രയും വെളിപ്പെടുത്തിയ നിലയ്‌ക്ക് ആരോപിതനെ വെളിച്ചത്തു കൊണ്ടുവരാന്‍ നടിക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് പൊതുവായ വിലയിരുത്തല്‍.