• Fri. Dec 12th, 2025

24×7 Live News

Apdin News

പുടിന്റെ സന്ദര്‍ശനവേളയില്‍ ഒപ്പുവെച്ചത് പ്രതിരോധരംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുതിപ്പിക്കും കരാര്‍; ഇനി റഷ്യന്‍ ആയുധപാര്‍ട്സുകളെല്ലാം ഇന്ത്യയില്‍

Byadmin

Dec 12, 2025



ന്യൂദല്‍ഹി: റഷ്യയുടെ എസ് യു 57 എന്ന അഞ്ചാം തലമുറ യുദ്ധവിമാനമോ എസ് 500 എന്ന പുത്തന്‍ വ്യോമ പ്രതിരോധസംവിധാനമോ വാങ്ങാന്‍ പുടിന്റെ ഇന്ത്യാസന്ദര്‍ശനത്തില്‍ ഇന്ത്യ-റഷ്യ ധാരണ ഉണ്ടായില്ല. പക്ഷെ അതിനേക്കാള്‍ ശ്രദ്ധേയമായത് പ്രതിരോധരംഗത്ത് ഇനി നടക്കാന്‍ പോകുന്ന മെയ്‌ക്ക് ഇന്‍ ഇന്ത്യ വിപ്ലവമാണ്. വിദേശരാജ്യങ്ങളുമായി സഹകരിച്ചുള്ള ഉല്‍പാദനം എന്നതിനേക്കാള്‍ നൂറു ശതമാനവും സ്വന്തമായുള്ള ഉല്‍പാദനം എന്നതിനെക്കുറിച്ചാണ് ഇന്ത്യ ആലോചിക്കുന്നത്.

വളരെ ചെറുതെന്ന് തോന്നിക്കുന്ന രീതിയില്‍ പുറത്തുവന്ന ഇന്ത്യ-റഷ്യ ധാരണ പ്രതിരോധരംഗത്ത് ഇന്ത്യയുടെ മുഖച്ഛായ മാറ്റുന്ന ഒന്നായി പരിണമിക്കും. റഷ്യ ഉപയോഗിക്കുന്ന ആയുധങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും പാര്‍ട്സുകളും സംയുക്തഭാഗങ്ങളും ഇന്ത്യയില്‍ നിര്‍മ്മിച്ച് റഷ്യയിലേക്ക് കയറ്റി അയക്കുക എന്നതിലാണ് ഇന്ത്യ-റഷ്യ കരാറായത്. ഇത് ഇന്ത്യയ്‌ക്ക് പ്രതിരോധരംഗത്ത് വലിയ വരുമാനം നേടിക്കൊടുക്കുമെന്ന് മാത്രമല്ല, ഇന്ത്യ ആയുധനിര്‍മ്മാണത്തില്‍ കൂടുതല്‍ വൈദഗ്ധ്യമുള്ള രാജ്യമായി ഭാവിയില്‍ മാറും.

ഇപ്പോഴേ ആയുധനിര്‍മ്മാണരംഗത്ത് മെയ്‌ക്ക് ഇന്‍ ഇന്ത്യ നടപ്പാക്കി കുതിക്കുന്ന ഇന്ത്യയ്‌ക്ക് വലിയ ഊര്‍ജ്ജം പകരുന്ന കരാറാണിത്. ഇതിന്റെ ഭാഗമായി ഭാരത് ഫോര്‍ജ്, അദാനി ഡിഫന്‍സ്, ടാറ്റ അഡ്വാന്‍സ്ജ് സിസ്റ്റംസ്, എല്‍ ആന്‍ഡ് ടി ഡിഫന്‍സ്, മഹിന്ദ്ര ഡിഫന്‍സ് തുടങ്ങി നിരവധി പ്രതിരോധനിര്‍മ്മാണരംഗത്തെ സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ പ്രതിനിധികളും റഷ്യയില്‍ പ്രത്യേകം യോഗം ചേര്‍ന്നതായും പറയുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഇന്ത്യയിലെ മെയ്‌ക്ക് ഇന്‍ ഇന്ത്യ ആയുധനിര്‍മ്മാണം 46000 കോടിയില്‍ നിന്നും 1.5ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 33,000 കോടിയുടെയും ഉല്‍പാദനം നടത്തിയത് സ്വകാര്യ കമ്പനികളാണ്. പ്രതിരോധ രംഗത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യം എന്നതില്‍ നിന്നും പ്രതിരോധ ഉല്‍പാദനവും കയറ്റുമതിയും ചെയ്യുന്ന രാജ്യം എന്ന ലേബലിലേക്ക് മാറാനാണ് ഇന്ത്യ ഇഷ്ടപ്പെടുന്നത്.

“പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ റഷ്യ പ്രതിരോധരംഗത്തെ പല ഉപകരണങ്ങളും വാഗ്ദാനം ചെയ്തെങ്കിലും ഇന്ത്യ അതില്‍ അത്ര താല്പര്യം കാട്ടിയില്ല. എസ് യു 57 എന്ന അഞ്ചാം തലമുറ യുദ്ദവിമാനം, എസ് 500 എന്ന വ്യോമപ്രതിരോധം തുടങ്ങിയവ ഇന്ത്യയെക്കൊണ്ട് വാങ്ങിപ്പിക്കാന്‍ റഷ്യന്‍ സംഘം കഠിനപ്രയത്നം നടത്തിയിരുന്നു. റഷ്യന്‍ സംഘം ഇന്ത്യയില്‍ നിന്നും ഇക്കാര്യത്തില്‍ ശതകോടികളുടെ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇന്ത്യ സ്വന്തമായി ആയുധങ്ങളും ഉപകരണങ്ങളും വികസിപ്പിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.”- ഇന്ത്യയിലെ ഒരു ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങിനെയാണ്.

വന്‍തുക ചെലവാക്കുന്ന ഇന്ത്യാ-റഷ്യ പ്രതിരോധസഹകരണത്തിന് ഇന്ത്യ മുതിര്‍ന്നില്ല. പകരം റഷ്യയുടെ ആയുധങ്ങളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും അറ്റുകറ്റപ്പണി അപ്പാടെ ഇന്ത്യ ഏറ്റെടുക്കുന്ന കരാര്‍ ആണ് ഉണ്ടായത്. ഇതനുസരിച്ച് റഷ്യയുടെ യുദ്ധവിമാനങ്ങള്‍ക്കും യുദ്ധോപകരണങ്ങള്‍ക്കും ആയുധങ്ങള്‍ക്കും വേണ്ട ഘടകപദാര്‍ത്ഥങ്ങളും സംയുക്തഭാഗങ്ങളും എല്ലാം ഇന്ത്യന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് റഷ്യയിലേക്ക് കയറ്റുമതി ചെയ്യും.

പ്രതിരോധ രംഗത്ത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്നതിലാണ് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും ഊന്നല്‍ നല്‍കുന്നത്. ഇന്ത്യയുടെ പ്രതിരോധ സംവിധാനം കൂടുതല്‍ വലുതും, കരുത്തുറ്റതും വേഗം കൂടിയതും ആകണമെന്ന അഭിപ്രായക്കാരനാണ് രാജ് നാഥ് സിങ്ങ്.

 

 

 

 

By admin