
ബെംഗളൂരു: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന് പ്രധാനമന്ത്രി മോദി ഭഗവദ് ഗീത (Bhagavad Gita) സമ്മാനിച്ചതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ എംപി. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശശി തരൂര്‍.
“ഭഗവദ്ഗീതയുടെ പരിഭാഷ റഷ്യന്‍ ഭാഷയില്‍ നല്‍കുക വഴി നമ്മള്‍ നമ്മുടെ ആത്മീയ പാരമ്പര്യത്തില്‍ നിന്നും സംസ്കാരത്തില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് കൂടി പകര്‍ന്നുകൊടുക്കുന്നതിന് തുല്ലമാണ്. അതില്‍ ഒരു തെറ്റുമില്ല”.- പ്രധാനമന്ത്രി മോദി പുടിന് റഷ്യന്‍ പരിഭാഷയിലുള്ള ഭഗവദ്ഗീത സമ്മാനിച്ചതിനെ ന്യായീകരിച്ചുകൊണ്ട് ശശി തരൂര്‍ പറഞ്ഞു. പുടിനെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനല്ല പ്രധാനമന്ത്രി ഭഗവദ്ഗീത നല്‍കിയത്. അദ്ദേഹത്തിന് സ്വന്തം ഭാഷയില്‍ ഭഗവദ് ഗീത മനസ്സിലാക്കാന്‍ അവസരം കൊടുക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. – ശശി തരൂര്‍ വിശദീകരിച്ചു.
അതുപോലെ സ്കൂളുകളില്‍ മഹാഭാരതവും രാമായണവും ഭഗവദ് ഗീതയും പഠിപ്പിക്കുമെന്ന കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി നടത്തിയ പ്രസ്താവനയെയും ശശി തരൂര്‍ സ്വാഗതം ചെയ്തു. “1989ല്‍ താന്‍ എഴുതിയ ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ (The Great Indian Novel) എന്ന പുസ്തകം മഹാഭാരതത്തെ തമാശരൂപേണ പുനരാഖ്യാനം ചെയ്യുന്ന പുസ്തകമാണ്. ആ സമയത്ത് ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു. നമ്മള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചു എന്നതുകൊണ്ട് നമ്മള്‍ ഇന്ത്യയുടെ പുരാണ ഇതിഹാസങ്ങള്‍ വായിക്കരുത് എന്നില്ല. സ്കൂള്‍ കാലഘട്ടത്തില്‍ രാമായണവും മഹാഭാരതവും വായിക്കുന്നതില്‍ തെറ്റില്ല. ഭഗവദ് ഗീതയും വായിക്കണം. അത് ഇന്ത്യന്‍ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ്. “- ശശി തരൂര്‍ പറഞ്ഞു.