ഹരിദ്വാർ : അനധികൃത മദ്രസകൾക്കെതിരായ ഉത്തരാഖണ്ഡ് സർക്കാരിന്റെ നടപടി തുടരുന്നു. ഹരിദ്വാർ ജില്ലയിലെ ഭഗവാൻപൂർ, ഖാൻപൂർ പ്രദേശങ്ങളിലെ പത്ത് അനധികൃത മദ്രസകളാണ് കഴിഞ്ഞ ദിവസം പൂട്ടി സീൽ ചെയ്തത്. റഹിംപൂർ ലാൽചന്ദ്‌വാലയിലെ ഖാൻപൂരിൽ 3 അനധികൃത മദ്രസകൾ കൂടി പൂട്ടി സീൽ ചെയ്തതായി ഭരണ വൃത്തങ്ങൾ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി വൈകിയാണ് ഹരിദ്വാർ ജില്ലയിലെ ഭഗവാൻപൂർ പ്രദേശത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്രസകൾ അടച്ചുപൂട്ടിയത്. ജില്ലയിൽ ഇതുവരെ 61 അനധികൃത മദ്രസകൾ പൂട്ടി. അനധികൃത മദ്രസകൾ സീൽ ചെയ്യുന്ന പ്രക്രിയ അഡ്മിനിസ്ട്രേറ്റീവ് സംഘങ്ങൾ തുടരുകയാണെന്നും അവരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണെന്നും ഡിഎം കർമ്മേന്ദ്ര സിംഗ് പറഞ്ഞു.
ഉത്തരാഖണ്ഡിലെ ധാമി സർക്കാർ ഇതുവരെ സംസ്ഥാനത്തെ 195 അനധികൃത മദ്രസകൾ പുട്ടി സീൽ ചെയ്തു. ഉത്തരാഖണ്ഡ് മദ്രസ ബോർഡോ ഏതെങ്കിലും വിദ്യാഭ്യാസ ബോർഡോ അംഗീകരിച്ചിട്ടില്ലാത്ത നിയമവിരുദ്ധ മദ്രസകളാണിവ.
നിയമവിരുദ്ധമായ മദ്രസകൾ അടച്ചുപൂട്ടുമെന്നും അംഗീകൃത മദ്രസകൾ മാത്രമേ പ്രവർത്തിക്കൂ എന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി. ഉത്തരാഖണ്ഡിൽ അനധികൃത മദ്രസകൾക്കും കയ്യേറ്റത്തിനുമെതിരായ നടപടി തുടരുകയാണ്.