ന്യൂദല്‍ഹി: പുതിയ ദല്‍ഹി സെക്രട്ടേറിയറ്റ് സ്ഥാപിക്കുന്നതിനായി ഐടിഒ പ്രദേശത്ത് (ഇന്‍കം ടാക്‌സ് ഓഫീസ്) ഇരട്ട ടവറുകള്‍ നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശം.
ഒന്നാമത്തേത് ഷിപ്പിംഗ് മന്ത്രാലയം ആസ്ഥാനത്തും രണ്ടാമത്തേത് വികാസ് ഭവനിലെ ഇന്ദ്രപ്രസ്ഥ മാര്‍ഗിന്റെ മറുവശത്തും. പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് സര്‍ക്കാരിന്റെ തത്വത്തിലുള്ള അനുമതി തേടിയിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദല്‍ഹി സര്‍ക്കാരിന്റെ പ്രധാന വകുപ്പുകള്‍ക്കിടയില്‍ സുഗമമായി ഏകോപനം ഉറപ്പാക്കാന്‍ ടവറുകള്‍ സഹായിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍, ദല്‍ഹി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പ്ലെയേഴ്സ് ബില്‍ഡിംഗിലാണ്.ഇവിടെ എല്ലാ പ്രധാന വകുപ്പുകളും പ്രവര്‍ത്തിക്കാനുളള സ്ഥലമില്ല.
റവന്യൂ കമ്മീഷണര്‍, ലേബര്‍ കമ്മീഷണര്‍, ജിഎസ്ടി കമ്മീഷണര്‍, വിദ്യാഭ്യാസ സെക്രട്ടറി, ഗതാഗത കമ്മീഷണര്‍, എക്‌സൈസ് കമ്മീഷണര്‍, സെക്രട്ടറി ഭക്ഷ്യ-സിവില്‍ സപ്ലൈസ്, വനിതാ-ശിശു വികസനം, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ നിരവധി ദല്‍ഹി സര്‍ക്കാര്‍ ഓഫീസുകള്‍ സിവില്‍ ലൈന്‍സ്, കശ്മീരി ഗേറ്റ്, വികാസ് ഭവന്‍ എന്നിവിടങ്ങളിലായി ചിതറിക്കിടക്കുന്ന സ്ഥിതിയാണ്. ഈ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന പല കെട്ടിടങ്ങളും ജീര്‍ണാവസ്ഥയിലാണ്.
ഈ വര്‍ഷം ആഗസ്റ്റില്‍ മുഖ്യമന്ത്രി രേഖ ഗുപ്ത കശ്മീരി ഗേറ്റിലെ വനിതാ-ശിശു വികസന വകുപ്പിന്റെ ഓഫീസ് സന്ദര്‍ശിക്കുമ്പോള്‍, കെട്ടിടത്തിന്റെ അവസ്ഥ കണ്ട് ഞെട്ടല്‍ പ്രകടിപ്പിച്ചിരുന്നു.എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും ഒരു മേല്‍ക്കൂരയ്‌ക്ക് കീഴില്‍ കൊണ്ടുവരുന്നതിനും മികച്ച പ്രവര്‍ത്തന അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ആധുനികമായ സെക്രട്ടേറിയറ്റ് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനവും നടത്തി. പുതിയ സെക്രട്ടേറിയറ്റിന്റെ ഏകദേശ നിര്‍മ്മാണ ചെലവ് ഏകദേശം 2,000 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്.