• Tue. Nov 19th, 2024

24×7 Live News

Apdin News

പുതുതായി 1,375 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍, മുനിസിപ്പാലിറ്റിയില്‍ 128, കോര്‍പറേഷനില്‍ ഏഴ്, തദ്ദേശ വാര്‍ഡ് വിഭജനത്തിന്റെ കരടു വിജ്ഞാപനം പുറത്ത് – Chandrika Daily

Byadmin

Nov 19, 2024


സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർവിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങി. 1,375 ഗ്രാമപഞ്ചായത്ത് വാർഡുകളും 1,078 മുനിസിപ്പാലിറ്റി വാർഡുകളും ഏഴ് കോർപറേഷൻ വാർഡുകളുമാണ് പട്ടികയിൽ പുതുതായി ഉൾപ്പെട്ടിട്ടുള്ളത്. ഡിസംബർ മൂന്നുവരെ കരടുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാം.

നിർദിഷ്ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതതു തദ്ദേശസ്ഥാപനങ്ങളിലും ജില്ലാ കലക്ടറേറ്റുകളിലും www.delimitation.lsgkerala.gov.in എന്ന വെബ്‌സൈറ്റിലും പരിശോധനയ്ക്കു ലഭ്യമാണ്. കേരളത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികൾക്കും സംസ്ഥാന നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികൾക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകർപ്പുകൾ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി നൽകും. പകർപ്പ് ആവശ്യമുള്ള മറ്റുള്ളവർക്ക് പേജ് ഒന്നിനു മൂന്നു രൂപയും ജിഎസ്ടിയും ഈടാക്കി നൽകും.

കേരള സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷനാണു ജില്ലാ കലക്ടർമാർ നൽകിയ കരടുനിർദേശങ്ങൾ പരിശോധിച്ചു പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയത്. ഡിസംബർ മൂന്നിനകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ജില്ലാ കലക്ടർക്കോ നേരിട്ടോ രജിസ്‌ട്രേഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തുന്ന പകർപ്പുകളും സമർപ്പിക്കണം.

ആക്ഷേപങ്ങൾ നൽകേണ്ട വിലാസം:

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപറേഷൻ ബിൽഡിങ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033. ഫോൺ: 0471 2335030.



By admin