
തിരുവനന്തപുരം: പുതുവത്സര രാത്രിയില്‍ വെള്ളറട പൊലീസ് സ്റ്റേഷന് മുന്നില്‍ കാറും ഥാര്‍ ജീപ്പും കൂട്ടിയിടിച്ച് പരിക്കേറ്റവരെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിലും കാരക്കോണം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന വിജയന്‍ (66) വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.കുഞ്ഞമ്മ മത്തായി(90), സുശീല (65), ജോഹാന്‍(14) എന്നിവരെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജീപ്പ് ഓടിച്ചിരുന്ന ചിറയക്കോട് സ്വദേശിയെ വെള്ളറടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാള്‍ ഇവിടെനിന്ന് മുങ്ങി. പള്ളിയിലെ പുതുവര്‍ഷ ആരാധന കഴിഞ്ഞ് പനച്ചമൂട്ടിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തിന്റെ കാറിലേക്ക് അമിത വേഗത്തില്‍ വന്ന ജീപ്പ് ഇടിക്കുകയായിരുന്നു.ജീപ്പ് ഡ്രൈവര്‍ക്ക് നിസാര പരിക്കുണ്ട്.ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.ജീപ്പിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.