പുരോഗമനപരവും സ്വയംപര്യാപ്തവും ഏകീകൃതവുമായ ഭാരതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പ്രകടമാക്കി, പരിവര്‍ത്തനാത്മകമായ നിരവധി സംരംഭങ്ങളോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2025നു തുടക്കം കുറിച്ചത്. അടിസ്ഥാന സൗകര്യ വികസനവും ശാസ്ത്രീയ ഗവേഷണവും മുതല്‍ യുവാക്കളെ ശാക്തീകരിക്കുന്നതും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം ആഘോഷമാക്കുന്നതും വരെ, വരാനിരിക്കുന്ന ശ്രദ്ധേയമായ വര്‍ഷത്തിന് അദ്ദേഹത്തിന്റെ നേതൃത്വം വഴിയൊരുക്കി.
2025 ലെ ആദ്യ മന്ത്രിസഭായോഗത്തില്‍ കര്‍ഷക ക്ഷേമത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കി. കര്‍ഷകര്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ വളം ഉറപ്പാക്കി, ഡി-അമോണിയം ഫോസ്‌ഫേറ്റിനായുള്ള (ഡിഎപി) ഒറ്റത്തവണ പ്രത്യേക പാക്കേജ് നീട്ടുന്നതിനു സര്‍ക്കാര്‍ അംഗീകാരം നല്‍കി.
ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കു മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പാക്കുന്ന തനതു ചേരി പുനരധിവാസ പദ്ധതിപ്രകാരം ദല്‍ഹിയില്‍ പുതുതായി നിര്‍മിച്ച 1675 ഫഌറ്റുകള്‍ ജനുവരി മൂന്നിനു പ്രധാനമന്ത്രി മോദി കൈമാറി. സൂരജ്മല്‍ വിഹാറിലെ ഈസ്റ്റേണ്‍ കാമ്പസ്, ദ്വാരകയിലെ വെസ്റ്റേണ്‍ കാമ്പസ്, നജഫ്ഗഢിലെ വീര്‍ സാവര്‍ക്കര്‍ കോളജ് എന്നിവയുള്‍പ്പെടെ 600 കോടിയിലധികം രൂപയുടെ മൂന്നു പരിവര്‍ത്തനാത്മക വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു. വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഭാവിതലമുറകള്‍ക്കു പ്രചോദനമേകുന്നതും ലക്ഷ്യമിട്ടാണ് ഈ പദ്ധതികള്‍.
ജിഐ-അംഗീകൃത ഗ്രാമ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്ത് ജനുവരി നാലിനു നടന്ന ഗ്രാമീണ്‍ ഭാരത് മഹോത്സവത്തില്‍, ഗ്രാമവികസനത്തിനായുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത പ്രധാന വിഷയമായി. ഗ്രാമീണ ഭാരതത്തെ ശാക്തീകരിക്കുകയും ആഗോള സമ്പദ്വ്യവസ്ഥയുമായി സംയോജിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി പൊരുത്തപ്പെടുന്നതാണ് ഈ സംരംഭം. അതേസമയം, ഭാരതത്തിലെ നിര്‍മിതബുദ്ധി അടിസ്ഥാനസൗകര്യത്തില്‍ മൂന്നു ശതകോടി ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ച മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഉള്‍പ്പെടെയുള്ള ആഗോള ടെക് നേതാക്കളുമായി മോദി ആശയവിനിമയം നടത്തി. തദ്ദേശീയ നവീകരണം വളര്‍ത്തുന്നതിലും സ്വയംപര്യാപ്തമായ സാങ്കേതിക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലും ഈ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ജനുവരി അഞ്ചിന്, സാഹിബാബാദിനെ അശോക് നഗറുമായി ബന്ധിപ്പിക്കുന്ന നമോ ഭാരത് ട്രെയിന്‍ ഇടനാഴിയുടെ ഉദ്ഘാടനവും ഒഡിഷ, തെലങ്കാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ വിവിധ റെയില്‍ അടിസ്ഥാനസൗകര്യ വികസനങ്ങളും നടന്നതോടെ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കു വേഗം വര്‍ധിച്ചു. മോദിയുടെ നേതൃത്വത്തില്‍ ഗതാഗത ശൃംഖലകള്‍ ആധുനികവത്കരിക്കുന്നതില്‍ ദ്രുതഗതിയിലുള്ള പുരോഗതിയെ ഈ പദ്ധതികള്‍ എടുത്തുകാട്ടുന്നു.
ജനുവരി ഏഴിന് ആന്ധ്രാപ്രദേശില്‍ സുപ്രധാനമായ രണ്ടു പദ്ധതികള്‍ക്കു മോദി തുടക്കം കുറിച്ചു. ഇറക്കുമതി ചെയ്യുന്ന ഔഷധ ചേരുവകള്‍ ആശ്രയിക്കുന്നതു കുറയ്‌ക്കുന്നതിനുള്ള 1877 കോടി രൂപയുടെ പദ്ധതിയായ ബള്‍ക്ക് ഡ്രഗ് പാര്‍ക്ക്, പ്രതിദിനം 1500 ടണ്‍ ഹരിതഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഹരിത ഹൈഡ്രജന്‍ ഹബ് എന്നിവയാണവ. പുനരുപയോഗ ഊര്‍ജത്തിലും ഔഷധ നിര്‍മാണത്തിലും ഇന്ത്യയെ ഒന്നാമതെത്തിക്കാന്‍ ഈ ശ്രമങ്ങള്‍ സഹായകമാകും.
ഭാരതീയ ജനിതക വൈവിധ്യം രേഖപ്പെടുത്താനും ജനിതക വൈകല്യങ്ങള്‍ക്കുള്ള ആരോഗ്യസംരക്ഷണ പരിഹാരങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള ജീനോം ഇന്ത്യ പദ്ധതിക്ക് ജനുവരി 9 ന് ആരംഭം കുറിച്ചു. അതേ ദിവസം തന്നെ, ഭുവനേശ്വറില്‍ നടന്ന പ്രവാസി ഭാരതീയ ദിന സമ്മേളനത്തെ അഭിസംബോധന ചെയ്തു. പ്രവാസികളുടെ നേട്ടങ്ങളെയും ആഗോള വേദിയില്‍ അവര്‍ നല്‍കിയ സംഭാവനകളെയും അനുസ്മരിച്ചു.
ജനുവരി 12ന്, ദേശീയ യുവജന ദിനത്തിനും സ്വാമി വിവേകാനന്ദ ജയന്തിക്കും അനുബന്ധമായി നടന്ന വികസിത ഭാരത യുവ നേതൃസംവാദത്തില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്തു. യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചുറപ്പിച്ച്, ആശയങ്ങള്‍ കൈമാറുന്നതിനും വികസിത ഭാരതം വിഭാവനം ചെയ്യുന്നതിനും ഈ സംരംഭം യുവാക്കളായ നവീനാശയ ഉപജ്ഞാതാക്കളെയും നേട്ടങ്ങള്‍ കൈവരിച്ചവരെയും ഒന്നിപ്പിച്ചു.
ജനുവരി 13ന്, ജമ്മു കശ്മീരിലെ സോനാമാര്‍ഗ് തുരങ്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ദേശീയ സുരക്ഷ വര്‍ധിപ്പിക്കുന്നതിനൊപ്പം സമ്പര്‍ക്ക സൗകര്യം മെച്ചപ്പെടുത്തുന്നതും വിനോദസഞ്ചാരത്തിനു ഗതിവേഗം പകരുന്നതുമാണ് ഈ തുരങ്കം. തൊഴിലാളികളുമായും എന്‍ജിനിയര്‍മാരുമായും അദ്ദേഹം വ്യക്തിപരമായി സംവദിക്കുകയും അവരുടെ ശ്രമങ്ങള്‍ക്കു നന്ദിയും പറഞ്ഞു.
ജനുവരി 15 ഓടെ, ഭാരതത്തിന്റെ വളരുന്ന സമുദ്രശേഷികള്‍ പ്രതിഫലിപ്പിക്കുന്ന പുതിയ കപ്പലുകളും അന്തര്‍വാഹിനികളും ഉള്‍പ്പെടെയുള്ള നൂതന നാവിക സംവിധാനങ്ങള്‍ കമ്മീഷന്‍ ചെയ്ത്, പ്രധാനമന്ത്രി മോദി മറ്റൊരു നാഴികക്കല്ലു പിന്നിട്ടു. ഈ കൂട്ടിച്ചേര്‍ക്കലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രബലശക്തി എന്ന നിലയില്‍ ഭാരതത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തും. പ്രതിരോധത്തില്‍ സ്വയംപര്യാപ്ത ഭാരതം എന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവുകൂടിയാണിത്.
ജനുവരി 16ന് ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങളുടെ ബഹിരാകാശ ഡോക്കിങ് പൂര്‍ത്തിയാക്കി വിജയകരമായി അവതരിപ്പിച്ചതോടെ ഭാരതത്തിന്റെ ബഹിരാകാശ പദ്ധതിയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടു മറ്റൊരു നാഴികക്കല്ലിലെത്തി. വരുംവര്‍ഷങ്ങളിലെ രാജ്യത്തിന്റെ ഉത്കൃഷ്ടമായ ബഹിരാകാശ ദൗത്യങ്ങള്‍ക്കായുള്ള സുപ്രധാന ചുവടുവയ്‌പ്പാണിത്.
ശാസ്ത്രീയ മുന്നേറ്റങ്ങളും അടിസ്ഥാനസൗകര്യ പദ്ധതികളും മുതല്‍ യുവജന ശാക്തീകരണവും സാംസ്‌കാരിക ആഘോഷവും വരെ, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വികസിത ഭാരതമെന്ന കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു. പ്രധാനമന്ത്രി മോദി പറഞ്ഞതുപോലെ, ”നാം ഒരുമിച്ച്, വികസിത ഭാരതത്തെ രൂപപ്പെടുത്തുകയാണ്. അതില്‍ ഓരോ പൗരനും ശോഭനമായ നാളെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു”.