കൊച്ചി: ന്യൂഇയർ ആഘോഷത്തിനിടെ കൊച്ചിയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ്(22), പാലക്കാട് സ്വദേശി ആരോമൽ (22) എന്നിവരാണ് മരിച്ചത്. എറണാകുളം സെന്റ് ആൽബർട്സ് കോളജിലെ വിദ്യാർഥികളാണ് ഇരുവരും.
ഒന്നാം ഗോശ്രീ പാലത്തിന് സമീപത്തുവെച്ച് രാത്രിയായിരുന്നു അപകടം. എറണാകുളത്തുനിന്ന് വൈപ്പിന്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും എതിർദിശയിൽനിന്നു വന്ന ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ നരേന്ദ്രനാഥും ആരോമലും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഓട്ടോറിക്ഷയും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.