കൊച്ചി: തലമുറ പകര്‍ന്ന പുരാണ പ്രഭാഷണ തപസ്യയില്‍ ശ്രദ്ധേയയാവുകയാണ് രാജശ്രീ. കുടുംബാന്തരീക്ഷവും തലമുറകളും പകര്‍ന്നു നല്കിയ പുരാണ പാരായണ പ്രഭാഷണ ധന്യതയിലാണ് കൊച്ചിയിലെ രാജശ്രീ ടീച്ചര്‍. ഒന്നര പതിറ്റാണ്ട് പിന്നിട്ട പുരാണ പ്രഭാഷണ വേദിയില്‍ അപ്പുപ്പനാണ് ഗുരുസ്ഥാനീയന്‍. ബാല്യത്തില്‍ കേട്ടുപഠിച്ച പുരാണ കഥകളില്‍ നിന്നുള്ള ആവേശവും കുടുംബാന്തരീക്ഷം നല്കിയ പ്രോത്സാഹനവും ശക്തി പകര്‍ന്നതോടെ രാജശ്രീ ടീച്ചര്‍ പുരാണ പ്രഭാഷകയായി വളര്‍ന്നു.
തനത് ശൈലിയില്‍ പുരാണങ്ങളിലെ ധാര്‍മ്മിക ആത്മീയ സന്ദേശങ്ങളെ ശ്രോതാക്കളിലും ഭക്തരിലും പകര്‍ത്തി നല്കുന്നത് ജീവിത നിയോഗമായിട്ടാണ് രാജശ്രീ പറയുന്നത്. തുറവൂരിലെ ടിഡി സ്‌കൂള്‍ ഗണിത അദ്ധ്യാപകനും ആത്മീയ പ്രഭാഷകനുമായ പിതാമഹന്‍ (അപ്പുപ്പന്‍) എസ്. ദാമോദര പൈയില്‍ നിന്നാണ് ആത്മീയ പ്രഭാഷണത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ത്തിയത്. സ്വന്തം കുടുംബത്തിലും ഭര്‍തൃവീട്ടിലും രാജശ്രീക്ക് പ്രഭാഷണങ്ങളില്‍ പ്രോത്സാഹനമേകി. രാമായണ മാസം, നവരാത്രി, മണ്ഡലകാലം, വൈശാഖ മാസം തുടങ്ങിയ ഉത്സവ കാലങ്ങളില്‍ രാജശ്രീ തനത് ഉത്സവകാല വിഷയാനുബന്ധ പ്രഭാഷണങ്ങളും പാരായണവും നടത്തും. കണ്ണൂര്‍, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ ഒട്ടേറെ ക്ഷേത്രങ്ങളിലും കൊച്ചിയിലുമായി രാജശ്രീ ഇതിനകം 700 ല്‍ ഏറെ പുരാണ പ്രഭാഷണങ്ങള്‍ നടത്തികഴിഞ്ഞു.
രാമായണവും ദേവീ മാഹാത്മ്യവുമാണ് പ്രഭാഷണങ്ങളില്‍ മുഖ്യം. ഭാഗവതം, ഗണേശ പുരാണം, ശിവമഹിമ, ധര്‍മ്മശാസ്ത്ര ചരിതം, സുബ്രഹ്‌മണ്യ കഥകള്‍ തുടങ്ങിയവയിലും രാജശ്രീ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കൊച്ചി ടിഡി ഹൈസ്‌കൂളിലെ ഗണിതാദ്ധ്യാപികയായ രാജശ്രീ കൊച്ചിക്കാര്‍ കുടുംബാംഗമായ മജ്ജുനാഥ് പൈയുടെ ഭാര്യയാണ്. മകന്‍ അനിരുദ്ധ് ഐടി പ്രതിഭയാണ്.