
റായ്‌പൂർ ; ഛത്തീസ്ഗഢിൽ പണ്ടാരിയ അസംബ്ലി മണ്ഡലത്തിലെ 140 ഓളം ഗോത്ര കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു. കുൽഹിഡോംഗ്രി ഗ്രാമത്തിലെ പ്രൈമറി സ്കൂളിന് സമീപം നടന്ന സംസ്കൃതി ഗൗരവ് സമ്മാൻ, ചടങ്ങിനിടെ, പരമ്പരാഗത ബഹുമതികളോടെ അവരെ സ്വാഗതം ചെയ്യുകയും ആദരസൂചകമായി കാലുകൾ കഴുകുകയും ചെയ്ത് സനാതനധർമ്മത്തിലേയ്‌ക്ക് സ്വാഗതം ചെയ്തു. ഭാവന ബോറയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. പുറം ലോകവുമായി ബന്ധമില്ലാത്ത ഇവരെ മിഷനറിമാർ പണവും, രോഗശാന്തിയും വാഗ്ദാനം ചെയ്ത് മതം മാറ്റിയതാണ്.
സനാതന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ആദിവാസി, വനവാസി സമൂഹങ്ങളുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പണ്ടാരിയ അസംബ്ലി മണ്ഡലത്തിൽ എംഎൽഎ ഭാവന ബോറ സജീവമായി പ്രവർത്തിക്കുന്നുണ്ട്. വിദൂര വനപ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളിൽ ഭാവന ബോറയുടെ പ്രവർത്തനങ്ങൾ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ‘ഘർവാപസി’ സംരംഭം ആരംഭിച്ചതെന്ന് ബൊഹ്‌റ പറഞ്ഞു. 75 പേരിൽ ആരംഭിച്ച ഈ കാമ്പയിൻ ക്രമേണ വികസിച്ചുവെന്നും ഇതുവരെ 500 ഓളം കുടുംബങ്ങൾ ‘ഘർവാപസി’ക്ക് വിധേയരായെന്നും അവർ പറഞ്ഞു. മതപരിവർത്തനം ഗുരുതരമായ ഒരു പ്രശ്നമാണെന്ന് വിശേഷിപ്പിച്ച ബോഹ്‌റ, നിരപരാധികളായ ഗോത്രവർഗക്കാരെ പലപ്പോഴും സൗകര്യങ്ങൾ നൽകി ആകർഷിക്കുകയും അവരുടെ ദുർബലത മുതലെടുത്ത് അവരുടെ യഥാർത്ഥ വിശ്വാസത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്നുവെന്നും അവർ ആരോപിച്ചു.