രാവിലെ പുഴുങ്ങിയ മുട്ട വൈകുന്നേരം കഴിക്കാറുണ്ടോ?അല്ലെങ്കില്‍ തലേന്ന് പുഴുങ്ങി വച്ച മുട്ട ഫ്രിജില്‍ വച്ച് അടുത്ത ദിവസം കഴിക്കാറുണ്ടോ? ഇങ്ങനെ കഴിക്കുന്നത് സുരക്ഷിതമാണോ? പലർക്കും ഈ വിഷയത്തിൽ ഒരുപാട് സംശയങ്ങളുണ്ട്. ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ പുഴുങ്ങിയ മുട്ട ആരോഗ്യത്തിന് ദോഷകരമാവാം.
പുഴുങ്ങിയ മുട്ടകൾ മുറിയിലെ സാധാരണ താപനിലയിൽ 2 മണിക്കൂറിൽ കൂടുതൽ വെക്കാൻ പാടില്ല എന്ന് യുഎസ്ഡിഎ പറയുന്നു. കേരളത്തിലെപ്പോലെ, അന്തരീക്ഷ താപനില 32°C അല്ലെങ്കിൽ അതിനു മുകളിലാണെങ്കിൽ ഈ സമയം 1 മണിക്കൂറായി കുറയും.
പുഴുങ്ങുമ്പോൾ മുട്ടയുടെ പുറംതോടിനെ സംരക്ഷിക്കുന്ന പാളി നീക്കം ചെയ്യപ്പെടുന്നു. ഇത് മുട്ടകളെ ബാക്ടീരിയയുടെ ആക്രമണത്തിന് കൂടുതൽ സാധ്യതയുള്ളതാക്കി മാറ്റുന്നു. 4°C-നും 60°C-നും ഇടയിലുള്ള താപനിലയിൽ ബാക്ടീരിയകൾ അതിവേഗം വളരും. അതുകൊണ്ടുതന്നെ, പുഴുങ്ങിയ മുട്ടകൾ ഈ താപനിലയിൽ ദീർഘനേരം വെക്കുന്നത് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകും
പുഴുങ്ങിയ മുട്ട 2 മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിലേക്ക് മാറ്റണം. മുട്ടകൾക്ക് ഈർപ്പം വരാതിരിക്കാനും മറ്റ് ഭക്ഷണങ്ങളുടെ ഗന്ധം കലരാതിരിക്കാനുമായി കാർട്ടണിലോ വായു കടക്കാത്ത ഒരു പാത്രത്തിലോ സൂക്ഷിക്കുന്നതാണ് ഉചിതം. അതേപോലെ, പുഴുങ്ങിയ മുട്ട തൊലി കളയാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്, ഇത് കഴിക്കാൻ നേരത്ത് മാത്രം തൊലി കളയുക. തൊലി കളഞ്ഞ മുട്ടകളാണെങ്കിൽ, അത് ഉണങ്ങിപ്പോകാതിരിക്കാൻ, മുകളില്‍ ഒരു നനഞ്ഞ പേപ്പർ ടവൽ വെച്ച ശേഷം, വായു കടക്കാത്ത പാത്രത്തിൽ വെക്കുക.