• Sun. Oct 6th, 2024

24×7 Live News

Apdin News

പൂരക്കളി പൂരം

Byadmin

Oct 6, 2024


ഴിഞ്ഞയാഴ്ചയില്‍, വടകര താലൂക്കിന്റെ കിഴക്കന്‍ ഭാഗത്തെ നരിപ്പറ്റ ശാഖയില്‍ പോയപ്പോഴുണ്ടായ അനുഭവങ്ങളായിരുന്നല്ലൊ പങ്കുവച്ചത്. 1950കളില്‍ ആ വിദൂരസ്ഥലത്തു ചെന്ന് സംഘശാഖയ്‌ക്കു വിത്തിട്ടവരായിരുന്നുവെന്നും, അവര്‍ എത്ര പ്രയത്‌നിച്ചുവെന്നും ചിന്തിക്കുമ്പോള്‍ നാം തലകുനിക്കാതെ നിവൃത്തിയില്ല. അന്നാട്ടുകാര്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നതു കര്‍ത്താസാര്‍ എന്നറിയപ്പെട്ടിരുന്ന കെ.രാമന്‍ ചന്ദ്രന്‍ കര്‍ത്താവിനെയാണ്. പരമേശ്വര്‍ജി തിരുവനന്തപുരത്തു വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു അദ്ദേഹവും അപ്രകാരം ആയിരുന്നു. ഇരുവരും ഓരോ കാലത്തു പ്രചാരകരായി. പരമേശ്വര്‍ജി കോഴിക്കോട്ടും കര്‍ത്താജി തലശ്ശേരിയിലുമായിരുന്നു നിയോഗിക്കപ്പെട്ടത്. തലശ്ശേരിയില്‍നിന്ന് നാല്‍പ്പതോളം കി.മീ. അകലെ ഗതാഗത സൗകര്യങ്ങള്‍ വിരളമായിരുന്ന നരിപ്പറ്റയിലും കുറ്റിയാടിയിലും ആളുകളെ കണ്ടെത്തി സംഘത്തിന്റെ ശാഖകള്‍ ആരംഭിച്ച ചരിത്രം അത്യന്തം പ്രചോദനം നല്‍കുന്നതാണ്. കര്‍ത്താസാറിനുശേഷം രണ്ടു വര്‍ഷം വി.കൃഷ്ണശര്‍മ്മയും അവിടത്തെ സ്വയംസേവകര്‍ക്ക് പ്രചോദനം നല്‍കി. കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് കക്ഷികള്‍ അവിടം കൈയടക്കിക്കഴിഞ്ഞിരുന്നു. അതിനിടയിലാണ് അടിസ്ഥാന ജനവിഭാഗത്തെത്തന്നെ ആധാരമാക്കിക്കൊണ്ട് കര്‍ത്താസാറും ശര്‍മ്മാജിയും ആ ഗ്രാമത്തെ കയ്യിലെടുത്തത്. മദ്യനിര്‍മാണം കുലത്തൊഴിലാക്കിയ സമുദായമായിരുന്നു സംഘത്തിന്റെ അടിത്തറയായി വന്നത്. ഒരിക്കല്‍പ്പോലും മദ്യപിക്കരുത് എന്നവര്‍ അവിടത്തെ സ്വയംസേവകരോട് പറഞ്ഞില്ല. എന്നിട്ടും അവര്‍ അത് പാലിച്ചുപോന്നു. തീയ സമുദായം തന്നെ മുന്നിട്ടിറങ്ങി സംസ്‌കൃത വിദ്യാലയം സ്ഥാപിച്ചു നടത്തുന്ന പാരമ്പര്യവുമവിടെയുള്ള കാര്യം കഴിഞ്ഞയാഴ്ച ഈ പംക്തിയില്‍ പരാമര്‍ശിച്ചിരുന്നു.

ഒരു സന്ദര്‍ശനത്തിനായി നരിപ്പറ്റയിലെ ചീക്കോന്നുമ്മല്‍ ശാഖയില്‍ പോയപ്പോള്‍ പതിവുള്ള ശാഖാകാര്യക്രമങ്ങളല്ല കണ്ടത്. ധ്വജവും മറ്റും സംഘസ്ഥാനിലുണ്ട്. തങ്ങള്‍ പൂരക്കളി പഠിക്കുകയാണെന്നു ശിക്ഷകന്‍ പറഞ്ഞു. അതു സമാപിച്ചശേഷം ധ്വജമുയര്‍ത്തി പ്രാര്‍ത്ഥന ചൊല്ലി പിരിയുകയാണത്രേ. പൂരക്കളിയെപ്പറ്റി ഞാന്‍ കേട്ടിരുന്നില്ല. അതിനെക്കുറിച്ച് സാഹിത്യചരിത്രത്തില്‍ വായിച്ചിട്ടുണ്ട് എന്നുമാത്രം. പൂരക്കളി പഠിക്കാന്‍ അവിടെനിന്ന് ചിലര്‍ പയ്യന്നൂര്‍ പോയിരുന്നു. അവിടത്തെ ഒരു കുരിക്കളെയും കൊണ്ടുവന്ന് അവിടെ ഒരു കളരി തുടങ്ങിയതാണ്.

”നാരായണ നാരായണാ വാസുദേവാ കൈതൊഴുന്നേന്‍” എന്നാരംഭിക്കുന്ന വന്ദനത്തോടെയാണ് വൃത്തത്തില്‍ നിന്നു കളിക്കുന്നത്. ഓരോ പദത്തിനും ഒട്ടേറെ ചുവടുകളുണ്ട്. പതിഞ്ഞകാലത്തില്‍ ആരംഭിക്കുന്ന കളി ദ്രുതകാലത്തിലെത്തുമ്പോള്‍ അതീവ ഉദ്വേഗപൂര്‍ണമാകുന്നു. രാജസൂയം കഥയാണ് ഞാന്‍ പോയ ദിവസം. ഒന്നരമണിക്കൂറിലധികം വേണ്ടി വന്നു ഒരു പാട്ടു ആടിത്തീരാന്‍. അതുകഴിഞ്ഞ് അല്‍പ്പം ആശ്വസിച്ചശേഷം ധ്വജമുയര്‍ത്തി പ്രാര്‍ത്ഥനയും കഴിഞ്ഞ് ശാഖ അവസാനിച്ചു. സംഘത്തിന്റെ നിര്‍ദ്ദിഷ്ട കാര്യക്രമങ്ങള്‍ക്കു പുറത്തുള്ള ഒരു കലാപരിപാടി സംഘസ്ഥാനില്‍ നടന്നത് എന്റെ മനസ്സില്‍ കരടായി കുറേനാള്‍ കിടന്നു.

ഏതാനും മാസങ്ങള്‍ക്കുശേഷം വി.പി.ജനാര്‍ദ്ദനന്‍ (വിഭാഗ് പ്രചാരക്) എന്നോട് പഴയങ്ങാടിയിലെ മാടായി, വേങ്ങര എന്നീ ശാഖകളില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. അവിടത്തെ മിക്ക സ്വയംസേവകരെയും അതിനിടെ പരിചയമായിക്കഴിഞ്ഞിരുന്നു. നരിപ്പറ്റ സ്വയംസേവകര്‍ മുഴുവനും കൃഷിക്കാരായിരുന്നെങ്കില്‍ പഴയങ്ങാടിയിലും വേങ്ങരയിലും നെയ്‌ത്തുകാരും എണ്ണയാട്ടുകാരുമായിരുന്നു. വാണിയ സമൂഹമായിരുന്നു കൂടുതലും. മിക്കവാറും എല്ലാ വീടുകളിലും മരച്ചക്കുകളും കാളയുമുണ്ടായിരുന്നു. ഒരുവശത്തു ഏഴിമലയും കടലും മറുവശത്തു മാടായിക്കുന്നിനുമിടയ്‌ക്കു വയലുകളും റെയില്‍പാതയുമായി പ്രകൃതിമനോഹരമാണ് ഭൂപ്രദേശം. മാടായി കഴിഞ്ഞ് രണ്ടു കി.മീ. കൂടി പോയാല്‍ വേങ്ങരയായി. മാടായി കുന്നിന്റെ ഒരു വശത്തു ചീനക്കളി മണ്‍ഖനനം നടക്കുന്നു. മാടായിപ്പാറയ്‌ക്കു മുകളില്‍ പ്രസിദ്ധമായ മാടായി ഭഗവതി ക്ഷേത്രം (തിരുവര്‍കാവ്) സ്ഥിതിചെയ്യുന്നു. കശ്മീരി കൗള സമ്പ്രദായത്തിലുള്ള കര്‍മങ്ങള്‍ അനുഷ്ഠിക്കുന്ന കാവാണത്. താഴ്‌വാരത്തുകൂടി രണ്ട് കി.മീ. പോയാല്‍ വേങ്ങരയായി. അവിടത്തെ ശാഖയില്‍ സാംഘിക് വെച്ചിരുന്നു. ഞാന്‍ അവിടെ മിന്നംമിന്നമാണ് (ആദ്യമായി) ചെയ്യുന്നത്. പുതിയ പ്രചാരകനെ കാണാന്‍ ധാരാളം പേര്‍ ചേര്‍ന്നിരുന്നു. ആ ശാഖയുടെ ചരിത്രം വളരെ ആവേശകരമാണ്. അവിടെനിന്ന് രണ്ടുപേര്‍ പ്രചാരകരായി പോയിട്ടുണ്ട്. ഒരാളുടെ പേര്‍ തമ്പാന്‍ എന്നായിരുന്നു. സകലകലാ വല്ലഭനായിരുന്ന അദ്ദേഹം പൂജനീയ ഡോക്ടര്‍ജിയെ നായകനാക്കി സംഘത്തെപ്പറ്റി ഒരു പൂരപ്പാട്ടുണ്ടാക്കി. പൂരക്കളിയും അരങ്ങേറിയിട്ടുണ്ടത്രേ. അതു പാടി കേള്‍ക്കാനും കളി കാണാനും എനിക്കു ഭാഗ്യമുണ്ടായില്ല. ഞാന്‍ കണ്ണൂര്‍ ജില്ലയിലുണ്ടായിരുന്ന ആറുകൊല്ലത്തില്‍ ഒരിക്കല്‍ പോലും തമ്പാനെ കണ്ടു പരിചയപ്പെടാന്‍ കഴിഞ്ഞില്ല.

വേങ്ങരയില്‍ നിന്ന് കുറച്ചു നടന്ന്, കാവുകടന്നാല്‍ ചെറുതാഴമായി. അവിടത്തെ ശ്രീരാമക്ഷേത്രം പ്രസിദ്ധമാണ്. അവിടത്തെ മുഖ്യ പൂജാരി തന്നെയാണ് ഊഴമനുസരിച്ചു ബദരീനാഥിലും പോകുന്നതത്രേ. ഏതായാലും ആ ‘മഹാറാവലി’നെ കാണാന്‍ എനിക്കു കഴിഞ്ഞില്ല. ഒരിക്കല്‍ ഹരിയേട്ടന്‍ ബദരിയില്‍പ്പോയപ്പോള്‍ അദ്ദേഹത്തിന്റെ ആതിഥ്യം ലഭിച്ചതായി അറിയാം. രാമക്ഷേത്രത്തില്‍ ഹനുമാനാണ് പ്രാധാന്യം, അവില്‍ നിവേദ്യം ഹനുമാനുള്ളതാണല്ലൊ.

വേങ്ങരയിലെ ഗോപാലന്‍ വര്‍ഷങ്ങള്‍ക്കു ശേഷം ജനസംഘത്തിന്റെ മുഴുസമയ പ്രവര്‍ത്തകനായി. അതിനിടെ അദ്ദേഹത്തിന് പുരാണത്തില്‍ പാണ്ഡിത്യം നേടാന്‍ താല്‍പ്പര്യമുണ്ടായി. വളരെയധികം പുസ്തകങ്ങള്‍ വായിച്ചു. ഞാന്‍ ജനസംഘ ചുമതലകള്‍ വഹിച്ചുവന്ന 1970 കളില്‍ എനിക്ക് ആര്‍ഷജ്ഞാനം എന്ന നാലപ്പാടന്റെ പുസ്തകം ലഭിച്ചിരുന്നു. അതു ഗോപാലന്‍ എടുത്തു കൈവശമാക്കി. ആത്മീയ രംഗത്തേക്കുള്ള പോക്കായിരുന്നു അത്. എറണാകുളത്തിന്റെ പരിസരങ്ങളില്‍ ഗോപാലന്‍ ആത്മീയ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നു. അതിനിടെ വിലങ്ങന്‍ രാമകൃഷ്ണാശ്രമവുമായി അടുപ്പത്തിലായി. ആദികവിയുടെ ആദര്‍ശപുരുഷന്‍ എന്ന പുസ്തകം വായിച്ച ഗോപാലന്‍ കോസലവധു എന്ന് സീതാദേവിയുടെ ചരിത്രത്തെ പ്രതിപാദിക്കുന്ന പുസ്തകം രചിച്ചു. വിലങ്ങന്‍ ആശ്രമം തന്നെയാണതു പ്രസിദ്ധീകരിച്ചതും. അദ്ദേഹം പിന്നീട് വിധിയാംവണ്ണം സംന്യാസം സ്വീകരിച്ചു. അട്ടപ്പാടിയില്‍ ഒരാശ്രമത്തിലെത്തിയെന്നു കേട്ടു.

ഭാരതീയ സാഹിത്യത്തിലെ സ്ത്രീകളെക്കുറിച്ച് പ്രൊഫസര്‍ ലീലാവതി ടീച്ചര്‍ രചിച്ച വിജ്ഞാനകോശ സദൃശമായ ഗ്രന്ഥത്തില്‍ ‘കോസലവധു’വിനും ഗണ്യമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. ഏഴാംതരത്തിനപ്പുറത്തെ ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത വേങ്ങര ഗോപാലന്‍ ആധ്യാത്മിക സാഹിത്യരംഗത്തു അംഗീകരിക്കപ്പെട്ടുവെന്നതുതന്നെ വലിയ കാര്യമാണല്ലൊ.

വര്‍ഷങ്ങള്‍ക്കുശേഷം എളമക്കരയിലെ ഭാസ്‌കരീയത്തില്‍ പ്രചാരകന്മാരുടെയും പ്രചാരകരായിരുന്നവരുടെയും ഒരു ശിബിരം നടന്നിരുന്നു. അതില്‍ എഴുത്തില്‍ താല്‍പ്പര്യമുള്ളവരുടെ കൂട്ടത്തില്‍ എം.എ. സാറിന്റെ സഹായിയായി എന്നെയും പെടുത്തി. ആ ബൈഠക്കില്‍ വേങ്ങരയില്‍നിന്ന് പ്രചാരകനായി പോയി എന്ന് ഞാന്‍ കേട്ടിരുന്ന തമ്പാനും പങ്കെടുത്തിരുന്നു. അന്‍പതിലേറെ കൊല്ലങ്ങള്‍ക്കു മുന്‍പ് പരസ്പരം കേട്ടിരുന്നതല്ലാതെ കാണാനവസരം ലഭിക്കാതിരുന്ന ഞങ്ങള്‍ക്ക് അതൊരു വിസ്മയ നിമിഷമായി.

ഒരു സവിശേഷാവസരത്തെപ്പറ്റിക്കൂടി ഇവിടെ പരാമര്‍ശിക്കാന്‍ തോന്നുന്നു. ശ്രീഗുരുജി ജന്മ ശതാബ്ദിക്ക് മുന്‍പ് അതിന്റെ തയ്യാറെടുപ്പുകളുടെ പ്രാരംഭമെന്നോണം 2008 ലാണെന്ന് തോന്നുന്നു, ഒറ്റപ്പാലത്തിനടുത്ത് സംഘത്തിന്റെ പ്രമുഖകാര്യകര്‍ത്താക്കളുടെ നാലുദിവസത്തെ ശിബിരം സംഘടിപ്പിച്ചിരുന്നു. അന്നു സര്‍കാര്യവാഹ് ആയിരുന്ന മോഹന്‍ജിയാണ് അവിടെ മാര്‍ഗനിര്‍ദ്ദേശം നല്‍കിയത്. കേരളത്തിലെ ചില കലാരൂപങ്ങള്‍ അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടതില്‍ തോല്‍പാവക്കൂത്തുമുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതാദ്യം കണ്ടത് നരിപ്പറ്റയിലെ ശാഖയിലും അവസാനം സംഘ പ്രാന്തീയ ബൈഠക്കിലുമായിരുന്നു. രണ്ടും സംഘപരിപാടിയായി എന്നു മനസ്സില്‍ പതിഞ്ഞു.



By admin