പൂര്‍ണത്രയീശനെ സ്തുതിക്കുന്ന സന്താനഗോപാലം കഥ ഇതിവൃത്തമാക്കി രചിച്ച ‘ചിന്തയാമി ദേവേശം’ എന്ന കീര്‍ത്തനത്തിന്റെ മ്യൂസിക് വീഡിയോയുമായി ശ്രീവത്സന്‍ ജെ. മേനോന്‍. സംസ്കൃതത്തില്‍ രചിക്കപ്പെട്ട ഈ കീര്‍ത്തനം ഏഴ് രാഗങ്ങളിലെ ഒരു രാഗമാലികയായാണ് ഡോ.ശ്രീവത്സന്‍ ജെ മേനോന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് വീഡിയോയില്‍ ശ്രീവത്സന്‍ ജെ മേനോന്‍ തന്നെ പാടി അഭിനയിച്ചിരിക്കുന്നു.
ചിന്തയാമി ദേവേശം
സര്‍വ്വ ഭുവനാധീശം….
യദുകുലോദിതവരദം
പാണ്ഡുപുത്രാഭയസുനീഡം…ഇങ്ങിനെ പോകുന്നു കീര്‍ത്തനത്തിലെ വരികള്‍.
ഏഴ് രാഗങ്ങള്‍ താഴെ പറയുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു പല്ലവിയും ആറ് ചരണങ്ങളുമാണ് ഈ കീര്‍ത്തനത്തില്‍ ഉള്ളത്. പല്ലവി രീതിഗൗള രാഗത്തിലും ഒന്നാം യദുകുലകാംബോജിയിലും ചിട്ടപ്പെടുത്തിയിരിക്കുന്നു. ചരണം 2 (വസന്ത രാഗം), ചരണം 3 (വരാളി രാഗം),
ചരണം 4 (ദേവഗാന്ധാരി രാഗം), ചരണം 5 (യമുനാകല്യാണി രാഗം), ചരണം 6 ( സുരുട്ടി രാഗം) എന്നിങ്ങനെ ചിട്ടപ്പെടുത്തിയിരിക്കുന്നു.
ശ്രീവത്സന്‍ ജെ മേനോന്‍ ആലപിക്കുമ്പോള്‍ ഭക്തിയും ദൈവരാധനയും അതിന്റെ വിശുദ്ധയില്‍ തിളങ്ങുന്നു. ഒമ്പത് മിനിറ്റ് നാല്‍പത്തിരണ്ട് സെക്കന്‍റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. രണ്ട് ദിവത്തില്‍ അമ്പതിനായിരത്തില്‍പരം തവണ ഈ വീഡിയോ പലരായി കണ്ടു കഴിഞ്ഞു. പിഎന്‍എസ് എന്‍റര്‍ടെയിന്‍മെന്‍റ് ആണ് നിര്‍മ്മതാക്കള്‍. “പ്രകാശിന്റെ ഭക്തിപൂർണ്ണമായ രചന,രചനയുടെ ആത്മാവ് പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് ശ്രീവൽസൻമേനോന്റെ ആലാപനം,രണ്ടിനോടുംനീതിപുലർത്തുന്ന പശ്ത്താലാവിഷ്ക്കാരം….ഗംഭീരം ,മനോഹരം ..പൂർണ്ണത്രയീശന്റെ പിറന്നാൾ ദിവസം ആ തൃപ്പാദങ്ങളിൽ സമർപ്പിക്കാൻ ഇതിനേക്കാൾ വലിയ സമ്മാനമെന്തുണ്ട്.”.- വീഡിയോ ആസ്വദിച്ച ശേഷം ഒരു ശ്രോതാവിന്റെ പ്രതികരണം ഇങ്ങിനെ.
വേദങ്ങളുടെ ഈശന്‍ ആണ് മഹാവിഷ്ണു സങ്കല്‍പം കുടികൊള്ളുന്ന പൂര്‍ണ്ണത്രയീശന്‍. അഞ്ച് തലകളുള്ള ആദിശേഷന്റെ തണലില്‍ കുടികൊള്ളുന്ന ശിശുക്കളുടെ രക്ഷകനായ സന്താനഗോപാലമൂര്‍ത്തിയാണ് പൂര്‍ണ്ണത്രയീശന്‍. സന്താനഗോപാലം കഥയാണ് ഇതിവൃത്തം. ഈ കഥയെ ആസ്പദമാക്കിയുള്ള കീര്‍ത്തനം സംസ്കൃതത്തില്‍ രചിച്ചത് പ്രകാശ് കെ വര്‍മ്മ. അര്‍ജുനന്റെ അഹങ്കാരം ഭഗവാന്‍ കൃഷ്ണന്‍ ശമിപ്പിക്കുന്ന കഥയാണ് ഭാഗവതത്തിലെ സന്താനഗോപാലം കഥ.
പൂര്‍ണ്ണത്രയീശ കഥ
യാദവസഭയിൽ വെച്ച്, തന്റെ ഒമ്പതാമത്തെ കുട്ടിയേയും നഷ്ടപ്പെട്ട ഒരു ബ്രാഹ്മണന്റെ കരച്ചിൽ കേൾക്കുന്ന അർജ്ജുനൻ, ഇനിയുണ്ടാകുന്ന കുട്ടിയെ ഞാൻ രക്ഷിച്ചുകൊള്ളാം എന്ന് ഘോരശപഥം ചെയ്യുന്നു. മൂന്നു ലോകങ്ങളിലും തന്നെ വെല്ലാൻ ആരുമില്ലെന്ന് കരുതിയ അർജ്ജുനൻ കാവൽ നിൽക്കുമ്പോൾ പത്താമത്തെ കുട്ടി ജനനത്തിൽ തന്നെ അപ്രത്യക്ഷമാകുന്നു.
കുട്ടിയെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും വിഫലമായി, തീയിൽ ചാടി മരിക്കാൻ പോകുന്ന അർജ്ജുനനെ ഭഗവാൻ ശ്രീകൃഷ്ണൻ എത്തി തടയുന്നു. അഹങ്കാരം പൂർണ്ണമായൂം നീങ്ങിയ അർജ്ജുനനെ ഭഗവാൻ വൈകുണ്ഠലോകത്തേയ്‌ക്ക് കൂട്ടിക്കൊണ്ടുപോയി പത്തു കുട്ടികളോടൊപ്പം വിരാജിക്കുന്ന സാക്ഷാൽ മഹാവിഷ്ണുവിന്റെ ദർശനം കൊടുക്കുന്നു. ഭഗവാനോടുള്ള പൂർണ്ണമായ ശരണാഗതിയും, അചഞ്ചലമായ ഭക്തിവിശ്വാസവും മാത്രമാണ് തന്റെ ഏകമാർഗ്ഗമെന്ന് അർജ്ജുനൻ തിരിച്ചറിയുന്നു. അർജ്ജുനനിൽ സംപ്രീതനായ ഭഗവാൻ തന്റെ ഒരു വിഗ്രഹം സമ്മാനിക്കുകയും ഇത് ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ ഒരിടത്ത് പ്രതിഷ്ഠിക്കുകയും വേണമെന്ന് ആവശ്യപ്പെടുന്നു.
ഭൂമിയിൽ തിരിച്ചെത്തിയ അർജ്ജുനനാൽ പ്രതിഷ്ഠിക്കപ്പെട്ട ആ സന്താനഗോപാലമൂർത്തിയുടെ വിഗ്രഹം ഇന്നും തൃപ്പൂണിത്തുറയിൽ ശ്രീപൂർണ്ണത്രയീശനായി എല്ലാ സന്താനങ്ങളേയും പരിപാലിച്ചു കൊണ്ട് തന്റെ ഭക്തർക്ക് എല്ലാ കാരുണ്യവും വർഷിച്ചുകൊണ്ട് വിളങ്ങുന്നു! പൂർണത്രയീശ എന്ന പേരിന്റെ അർത്ഥം എന്താണെന്നോ? മഹാവിഷ്ണു പൂർണ്ണ (പൂർണ) രൂപത്തിൽ ഋഗ്വേദം, സാമവേദം, യജുര്‍ വേദം എന്നീ മൂന്ന് വേദങ്ങളുടെ നാഥനായി ഇവിടെ സന്നിഹിതനായിരിക്കുന്നു എന്നതാണ് (ത്രയീശ) അര്‍ത്ഥം.
ഏഴ് രാഗങ്ങളുടെ സുഗമസങ്കലനം
ഏഴ് രാഗങ്ങളിലാണ് ഈ കീര്‍ത്തനം ശ്രീവത്സന്‍ ജെ മേനോന്‍ ആലപിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം മഹദ് കലാകാരൻമാരായ ഇടപ്പള്ളി അജിത് കുമാർ (വയലിൻ), ബാലകൃഷ്ണ കമ്മത്ത് (മൃദംഗം), വെള്ളാട്ടഞ്ഞൂർ ശ്രീജിത്ത് (ഘടം) എന്നിവർ ഇതിൽ പക്കമേളം ഒരുക്കിയിരിക്കുന്നു.
കഴിഞ്ഞ ദിവസം ഈ മ്യൂസിക് വീഡിയോയുടെ പ്രകാശനം സംഗീതസംവിധായകന്‍ ജയചന്ദ്രന്‍ നിര്‍വ്വഹിച്ചു. ഏഴ് രാഗങ്ങളുടെ അതിശയിപ്പിക്കുന്ന സങ്കലനമാണ് ഈ കീര്‍ത്തനത്തില്‍ കാണുന്നതെന്ന് പറയുന്നു.
ചിന്തയാമീ ദേവേശം കേള്‍ക്കാം: