• Sat. Feb 1st, 2025

24×7 Live News

Apdin News

പൂര്‍വ്വികര്‍ക്കുള്ള മൗനി അമാവാസ്യ; പുണ്യവും മോക്ഷവും ലഭിക്കുമെന്ന് വിശ്വാസം; ത്രിവേണി സംഗമത്തില്‍ അമൃതസ്നാനത്തിനെത്തി കോടികള്‍

Byadmin

Jan 29, 2025



പ്രയാഗ് രാജ് :മഹാകുംഭമേളയില്‍ മൗനി അമാവാസ്യ ദിനമായ ജനവരി 29 ബുധനാഴ്ച കോടികളാണ് പ്രയാഗ് രാജിലെ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്തെ കടവുകളില്‍ അമൃതസ്നാനം ചെയ്തത്. 10 കോടിയെന്നാണ് കണക്കെങ്കിലും ഏഴരക്കോടിയിലധികം പേരെങ്കിലും ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തിരിക്കാമെന്നാണ് കണക്ക് കൂട്ടല്‍.  മഹാകുംഭമേള ആരംഭിച്ച് ഇതുവരെ 15 കോടിയിലധികം പേര്‍ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു.

ഗ്രഹങ്ങള്‍ അനുഗ്രഹം ചൊരിയുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ മൗനി അമാവാസ്യ പൂര്‍വ്വികര്‍ക്ക് സമര്‍പ്പിക്കുന്ന ദിനമാണ്. ഈ വിശുദ്ധ നാളില്‍ അമൃത സ്നാനം ചെയ്താല്‍ പുണ്യവും മോക്ഷവും ലഭിക്കുമെന്ന് വിശ്വാസം.

തിക്കിലും തിരക്കിലും 30 മരണം; 60 പേര്‍ക്ക് പരിക്ക്

മോക്ഷം തേടിയെത്തിയ കോടികള്‍ ഒന്നിച്ച് ത്രിവേണി സംഗമത്തിന്റെ ഘട്ടുകളിലേക്ക് ആര്‍ത്തിരമ്പിയെത്തിയത് വലിയ തിക്കുംതിരക്കും സൃഷ്ടിച്ചു. ഇതിനിടയില്‍പ്പെട്ട് 30 ഭക്തര്‍ മരിച്ചു. ഏകദേശം 60ഓളം പേര്‍ക്ക് പരിക്കേറ്റു. ആത്മനിയന്ത്രണം പാലിച്ച് അമൃതസ്നാനം ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭക്തരോട് അഭ്യര്‍ത്ഥിച്ചു. പരിക്കേറ്റവരെ മഹാകുംഭമേള വേദിയിലെ കേന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്താണ് മൗനി അമാവാസ്യ
മൗനി എന്ന വാക്ക് സംസ്കൃതത്തിലെ മൗന എന്ന പദത്തില്‍ നിന്നാണ് ഉരുവായത്. മൗനി എന്നാല്‍ നിശ്ശബ്ദത എന്നാണര്‍ത്ഥം. അമാവാസ്യ എന്നത് കറുത്ത വാവ് തന്നെ. ചന്ദ്രനിൽ പരേതാത്മാക്കൾ അധിവസിക്കുന്ന ഭാഗം ഭൂമിക്കു നേരെ വരുന്ന ദിവസമാണു കറുത്ത വാവ് എന്നാണു സങ്കൽപം. അതിനാലാണ് പരേതാത്മാക്കള്‍ നോക്കി നില്‍ക്കേ അവര്‍ക്കായി നമ്മള്‍ അമൃതസ്നാനം ചെയ്യുന്നത്. ജനവരി 28 ചൊവ്വാഴ്ച വൈകീട്ട് 7.38ന് ആരംഭിച്ച് ജനവരി 29 ബുധനാഴ്ച വൈകീട്ട് 6.05 വരെയായിരുന്നു മൗനി അമാവാസ്യയുടെ സമയം.

മഹാകുംഭമേളയിലെ നാല് പ്രധാന സ്നാനങ്ങളില്‍ രണ്ടാമത്തേതാണ് മൗനി അമാവാസ്യ ദിവസം. ഈ ദിവസം സന്യാസിമാര്‍, സാധുക്കള്‍, അഖാഡകളിലെ അംഗങ്ങള്‍, സാധാരണ ഭക്തര്‍ എന്നിവര്‍ അമൃതസ്നാനം നടത്തും.

 

By admin