
സച്ചി എന്ന സംവിധായകന്‍ ഒരിയ്‌ക്കല്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച ജി.ആര്‍. ഇന്ദുഗോപന്‍ എന്ന നോവലിസ്റ്റ് രചിച്ച വിലായത്ത് ബുദ്ധ സിനിമയായി വന്നപ്പോള്‍ സച്ചിയുടെ മാജിക് കണ്ടില്ലെന്ന് വിമര്‍ശനം. രണ്ട് പേര്‍ തമ്മിലുള്ള ശത്രുതയെ പിരിമുറുക്കത്തിന്റെ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച് അത്യപൂര്‍വ്വ അനുഭവമാക്കിയ സിനിമയായിരുന്നു സച്ചിയുടെ അയ്യപ്പനും കോശിയും. പക്ഷെ വിലായത്ത് ബുദ്ധയില്‍ ഒരു അധ്യാപകനും അയാളുടെ ശിഷ്യനും തമ്മിലുള്ള ശത്രുതയുടെ പിരിമുറുക്കം കൃത്യതയോടെ ഒപ്പിയെടുക്കുന്നതില്‍ വിലായത്ത് ബുദ്ധ പരാജയപ്പെട്ടോ? പല റിവ്യുകളിലും ഇത്തരം കമന്‍റുകളാണ് ഉയരുന്നത്.
മറയൂരിലെ ചന്ദനക്കാടിനെ പശ്ചാത്തലമാക്കിയാണ് അധ്യാപകനും തടിമോഷ്ടാവായ ശിഷ്യനും തമ്മിലുള്ള ശത്രുത വിലായത്ത് ബുദ്ധയില്‍ ഇതള്‍ വിരിയുന്നത്. ഏറ്റവും വിലകൂടിയ, നീണ്ടുനില്‍ക്കുന്ന സുഗന്ധം പരത്തുന്ന പ്രത്യേക ഇനം ചന്ദനമരമാണ് വിലായത്ത് ബുദ്ധ. അധ്യാപകനായ ഭാസ്കരന്‍ മാഷ് (ഷമ്മി തിലകന്‍) തന്റെ അന്ത്യകര്‍മ്മത്തിന് കത്തിക്കാന്‍ വിലായത്ത്ബുദ്ധ വീട്ടുപറമ്പില്‍ നട്ടിട്ടുണ്ട്. പക്ഷെ ഇത് മോഷ്ടിക്കാനെത്തുകയാണ് ഒരു കാലത്ത് സ്കൂളില്‍ തന്റെ വിദ്യാര്‍ത്ഥിയായിരുന്ന ഡബിള്‍ മോഹനന്‍ (പൃഥ്വിരാജ്) എന്ന മരംകൊള്ളക്കാരന്‍. സിനിമയെ സമ്പന്നമാക്കാവുന്ന പ്രമേയവും മികച്ച അഭിനേതാക്കളും ഉണ്ടായിട്ടും ഇരുവരും തമ്മിലുള്ള ശത്രുത ആവേശകരമാക്കി പൊലിപ്പിച്ചെടുക്കാന്‍ സംവിധായകന്‍ പരാജയപ്പെട്ടെന്ന് ചിലര്‍ സൂചിപ്പിക്കുന്നു. അരവിന്ദ് കശ്യപിന്‍റേയും രണദിവേയുടെയും ഛായാഗ്രഹണം മാത്രമാണ് ആശ്വാസകരമായി അനുഭവപ്പെടുന്നത്. പശ്ചാത്തലസംഗീതം ഉദ്വേഗമുണര്‍ത്തുന്ന ഒന്നാക്കുന്നതില്‍ ജേക്സ് ബിജോയിയ്‌ക്കും അല്‍പം പിഴച്ചുവോ? പൃഥ്വിരാജിന്റെ ഡബില്‍ മോഹനന്‍ മെലോഡ്രാമയിലേക്ക് പാളുമ്പോള്‍ ഷമ്മി തിലകന്റെ ഭാസ്കരന്‍ മാഷ് വേറിട്ട് നില്‍ക്കുന്നു.
നെടുങ്കന്‍ ഡയലോഗുകള്‍ ധാരാളമുണ്ടെങ്കിലും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നില്ല. എന്തായാലും സംവിധായകന്‍ ജയന്‍ നമ്പ്യാര്‍ക്ക് സച്ചി മനസ്സില്‍ കണ്ട വിലായത്ത് ബുദ്ധ സ്ക്രീനില്‍ എത്തിക്കാന്‍ കഴിയോ എന്ന് സംശയം.