തിരുവനന്തപുരം: 14 വയസുള്ള പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും മയക്കുമരുന്ന് വില്‍പ്പനയ്ക്ക് ഉപയോഗിക്കുകയും ചെയ്ത കേസില്‍ രണ്ടാനച്ഛനായ അനീഷിന് 55 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ളയാണ് വിധി പുറപ്പെടുവിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി രണ്ട് വര്‍ഷം നാല് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.
സംഭവം നടന്നത് 2019-20 കാലഘട്ടത്തിലാണ്. കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രതി കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹശേഷം നാഗര്‍കോവിലിലേക്ക് താമസം മാറിയ ഇവര്‍, അമ്മ വീട്ടിലില്ലാത്ത സമയങ്ങളില്‍ കുട്ടിയെ പീഡിപ്പിച്ചു. കുട്ടി എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി മര്‍ദിച്ച ശേഷമാണ് പീഡിപ്പിച്ചത്. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ഈ വിവരം ആരോടും പറഞ്ഞില്ല. പിന്നീട് പ്രതി കുട്ടിയെ ആന്ധ്ര, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി അവിടെ വച്ചും പീഡനം തുടര്‍ന്നു.
മയക്കുമരുന്ന് കച്ചവടത്തിനാണ് പ്രതി പല സംസ്ഥാനങ്ങളിലും പോയത്. കുട്ടിയുടെ അമ്മയും മയക്കുമരുന്ന് കച്ചവടത്തിനായി കുട്ടിയെ ഭീഷണിപ്പെടുത്തി അയച്ചിരുന്നു. കുട്ടി അച്ഛനെയും സഹോദരനെയും ഫോണില്‍ വിളിച്ച് വിവരം അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതി ക്രൂരമായി മര്‍ദിച്ചു. തിരുവനന്തപുരം തിരുമലയില്‍ താമസിക്കാനെത്തിയശേഷവും പീഡനം തുടര്‍ന്നു. ഇതേ തുടര്‍ന്ന് കുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കള്‍ ഇടപെട്ടാണ് പൊലീസില്‍ വിവരം അറിയിച്ചത്. പ്രതി ഒരു കൊലക്കേസിലും പ്രതിയാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍, അഡ്വ. അരവിന്ദ് ആര്‍ എന്നിവര്‍ ഹാജരായി.
പൂജപ്പുര ഇന്‍സ്പെക്ടര്‍മാരായിരുന്ന വിന്‍സെന്റ് എംഎസ് ദാസ്, ആര്‍ റോജ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ 29 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.