ബംഗളൂരു: നഗരത്തിലെ തിരക്കേറിയ റോഡിലൂടെ അമിതവേഗത്തില്‍ പാഞ്ഞ ആംബുലന്‍സ് ദമ്പതികളുടെ ജീവനെടുത്ത് ബംഗളൂരുവില്‍. വില്‍സണ്‍ ഗാര്‍ഡനിലെ കെഎച്ച് ജംഗ്ഷനിലാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്.
ഇസ്മായില്‍ നാഥന്‍ ദബാപു (40)യും ഭാര്യ സമീന ബാനു (33)യും സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് ആംബുലന്‍സ് ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദ്യം ദബാപുവും പിന്നീട് സമീനയും മരിച്ചു.
ശാന്തിനഗര്‍ ഭാഗത്ത് നിന്ന് ലാല്‍ബാഗ് ദിശയിലേക്ക് അമിതവേഗത്തില്‍ സഞ്ചരിച്ചിരുന്ന ഫോഴ്സ് ടെംപോ ട്രാവലര്‍ ആംബുലന്‍സാണ് അപകടത്തിന് കാരണമായത്. ദമ്പതികളുടെ സ്‌കൂട്ടറിന് ശേഷം ആംബുലന്‍സ് മറ്റൊരു സ്‌കൂട്ടറിനെയും നിരവധി വാഹനങ്ങളെയും ഇടിച്ച് ഫുട്പാത്തിലെ ട്രാഫിക് സിഗ്‌നല്‍ ഓപ്പറേറ്റര്‍ ബോക്സ് ഇടിച്ച് തകര്‍ത്ത ശേഷമാണ് നില്‍ക്കുന്നത്.
രണ്ടാമത്തെ സ്‌കൂട്ടറിലുണ്ടായിരുന്ന മുഹമ്മദ് റയാന്‍ (29), മുഹമ്മദ് സിദ്ദിഖ് (32) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടത്തിന് പിന്നാലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടുവെങ്കിലും പൊലീസ് പിന്നീട് പിടികൂടി. ഇയാള്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം വില്‍സണ്‍ ഗാര്‍ഡന്‍ ട്രാഫിക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
‘ആംബുലന്‍സ് ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണം,” പൊലീസ് വ്യക്തമാക്കി.
അപകടശേഷം രോഷാകുലരായ ജനക്കൂട്ടം ആംബുലന്‍സ് തള്ളിമറിച്ചിടുകയും പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥയും നിലനിന്നു.