• Mon. Dec 22nd, 2025

24×7 Live News

Apdin News

പെണ്‍പടയ്‌ക്ക് വിജയത്തുടക്കം

Byadmin

Dec 22, 2025



വിശാഖപട്ടണം: വനിതാ ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഭാരതത്തിന് വിജയം. വിശാഖപട്ടണത്ത് നടന്ന പോരാട്ടത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഭാരത വനിതകള്‍ നേടിയത്. അഞ്ച് മത്സര പരമ്പരയില്‍ 1-0ന് ഭാരതം മുന്നിലായി.

ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്‌ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഭാരതം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 14.4 ഓവറില്‍ ലക്ഷ്യം കണ്ടു(122).

ഭാരത ബാറ്റര്‍ ജെമീമ റോഡ്രിഗസിന്റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി പ്രകടനമാണ് ഭാരത വിജയം വേഗത്തിലാക്കിയത്. 44 പന്തുകള്‍ നേരിട്ട ജെമീമ 10 ബൗണ്ടറികളുടെ അകമ്പടിയില്‍ 69 റണ്‍സെടുത്തു. ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷഫാലി വര്‍മയും ചേര്‍ന്ന് മികച്ച തുടക്കമിട്ടെങ്കിലും ഇരുവരും പെട്ടെന്ന് പുറത്തായി. രണ്ട് ബൗണ്ടറിയുടെ ബലത്തില്‍ ഒമ്പത് റണ്‍സെടുത്ത ഷഫാലി വര്‍മയാണ് ആദ്യം പുറത്തായത്. പിന്നീട് സ്മൃതി മന്ദാനയും(25) പുറത്തായി. ഈ രണ്ട് വിക്കറ്റ് മാത്രമേ ഭാരതത്തിന് നഷ്ടമായുള്ളൂ. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (15) പുറത്താകാതെ നിന്നു. ശ്രീലങ്കയ്‌ക്കായി കാവ്യ കാവിന്ദിയും ഇനോക റണവീരയും ഓരോ വിക്കറ്റ് നേടി.

നേരത്തെ ടോസ് നേടിയ ഭാരതം വിരുന്നുകാരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍ വിഷ്മി ഗുണരത്‌നെ(39) മാത്രമാണ് ലങ്കന്‍ നിരയില്‍ മികച്ചു നിന്നത്. ഹാസിനി പെരെര(20), ഹര്‍ഷിത മാധവി(21) എന്നിവര്‍ തങ്ങളാലാകുന്ന പങ്കുവഹിച്ചു.

ഭാരതത്തിനായി അരങ്ങേറ്റം കുറിച്ച സ്പിന്നര്‍ വൈഷ്ണവി ശര്‍മ മികച്ച പ്രകടനം കാഴ്‌ച്ചവച്ചു. നാല് ഓവറില്‍ വിക്കറ്റൊന്നും നേടിയില്ലെങ്കിലും 16 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ദീപ്തി ശര്‍മ നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. ക്രാന്തി ഗൗഡ്, ശ്രീ ചരണി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

By admin