• Sun. Jan 11th, 2026

24×7 Live News

Apdin News

പെണ്‍മക്കള്‍ അറിയാന്‍….

Byadmin

Jan 11, 2026



പെണ്‍മക്കള്‍ക്ക് വേണ്ടി ഒരമ്മ എഴുതുന്ന കത്താണിത്. അങ്ങനെ മാത്രം കണ്ടാല്‍ മതി.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെ കടന്നുപോകുന്നവരാണല്ലോ നാം. വാഗ്ദാനം ആര്‍ക്കും നല്‍കാന്‍ കഴിയും. പാലിക്കുവാന്‍ എല്ലാവരും സന്നദ്ധരാകണം എന്നില്ല. പാലിക്കുവാന്‍ പലര്‍ക്കും കഴിഞ്ഞു എന്നുവരില്ല. ഇത് ഒരു പൊതുവായ കാര്യമാണ്. ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട ഒരു സത്യവും.
സ്വാതന്ത്ര്യം എന്നത് തോന്നിയപടി ജീവിക്കലല്ല. കാലാകാലങ്ങളായി തുടര്‍ന്നുവന്ന ജീവിത രീതിയില്‍ ആവശ്യം എങ്കില്‍ മാറ്റം വരുത്താം. പക്ഷേ വലിച്ചെറിയും മുന്‍പ് എന്തിന് എന്ന് ചിന്തിച്ചിരിക്കണം.

സ്വാതന്ത്ര്യം വരുംവരായ്‌കകള്‍ നോക്കാതെ എടുത്ത് ചാടലല്ല; അവകാശങ്ങളുടെയും കടമകളുടെയും ഇണചേരലാണ്. അത് പിടിച്ചുപറിക്കലല്ല. കളഞ്ഞു കുളിക്കലുമല്ല.

ജീവിതം ഭൗതിക സുഖങ്ങള്‍ തേടി അലയാന്‍ മാത്രമുള്ളതല്ല. ആന്തരികമായ കണ്ടെത്തലുകള്‍ക്ക്, ആധ്യാത്മികമായ അനുഭൂതികള്‍ക്ക്, ഉള്ളിലേക്ക് നോക്കുവാന്‍ ഒക്കെയുള്ളതാണ്. ജീവിതത്തിന്റെ അര്‍ത്ഥം, ലക്ഷ്യം കണ്ടെത്തുവാന്‍ ഒരു ശ്രമം നിസ്സാരമല്ല.

അര്‍ത്ഥമറിയാതുള്ള അനുകരണം ബാലിശം പോലുമല്ല, വെറും കോമാളി മാത്രം! ടിവി അവതാരകന്‍ കോട്ടും സ്യൂട്ടും ഇട്ട് ഡീസന്റായി വരുമ്പോള്‍, അവതാരിക അല്ല വസ്ത്രം ധരിച്ച് മറയ്‌ക്കേണ്ടത് എല്ലാം തുറന്ന് കാട്ടി സ്വയം അപഹാസ്യയാകേണ്ട കാര്യമുണ്ടോ? അത് കണ്ട് അതേപടി ജീവിതത്തില്‍ അനുകരിക്കുന്നത് ഉചിതമാണോ? പെണ്ണ്= ശരീരം എന്ന് നമ്മള്‍ തന്നെ പറയാതെ പറഞ്ഞു വയ്‌ക്കുന്നു.

നേടുന്നതിനോളം പ്രാധാന്യം കൊടുക്കുന്നതിനുണ്ട്. ധനത്തിന്റെ കാര്യത്തില്‍ മാത്രം അല്ല; പരിഗണനയുടെ, അംഗീകാരത്തിന്റെ, നന്ദി പ്രകാശനത്തിന്റെ…

ബുക്ക് ഷെല്‍ഫില്‍ ഭഗവദ്ഗീത, രാമായണം, മഹാഭാരതം ഒക്കെ ഉണ്ടാവും. സമയം പോലെ സൗകര്യം പോലെ ഒന്ന് ആഴ്ന്നിറങ്ങുക. ഒരിക്കലും സമ്മതം വേസ്റ്റ് ആയി എന്ന് തോന്നില്ല, ഉറപ്പ് തരുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ അടച്ചു പോകുന്നത് ഉള്ളിലേക്ക് നോക്കുന്നതുകൊണ്ടാണ്. അല്ലാതെ കണ്ണടച്ച് ഇരുട്ട് ആക്കുകയല്ല.

മാതാപിതാക്കളെ ധിക്കരിക്കും, അവരുടെ വാക്കുകള്‍ കേള്‍ക്കുന്നത് കുറച്ചില്‍ ആണ്. കഴുകന്‍ കണ്ണുകളുമായി അടുത്തു കൂടുന്നവന്‍ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങും.
അറിയാത്ത കാര്യങ്ങളില്‍ ഉപദേശം തേടുന്നത് മോശം കാര്യമല്ല. പാതി അറിവുമായി മുന്നോട്ട് പോയി കുരുക്കില്‍ പെടുന്നതാണ് മോശം.

മൂന്ന് നേരം വച്ചു വിളമ്പി അടുക്കള മാത്രം ലോകം ആക്കി ജീവിക്കാന്‍ ആരും നിങ്ങളോട് പറയുന്നില്ല. ഒരേസമയം തൃപ്തികരമായ ഔദ്യോഗിക ജീവിതത്തിലൂടെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്‌ക്കുവാനും സമ്പുഷ്ടമായ ഗാര്‍ഹിക സംസ്‌കാരം പിന്തുടര്‍ന്നു നല്ല കുടുംബജീവിതം നയിക്കുവാനും സാധിക്കും. കഠിനപ്രയത്‌നത്തിന്റെ കാലമല്ല, മിടുക്കോട് കൂടിയ പ്രയത്‌നത്തിന്റെ കാലമാണല്ലോ ഇത്.

നിങ്ങള്‍ കാണുന്ന ജീവിതം തൃപ്തി വരുന്നില്ലെങ്കില്‍, ജീവിതം മനോഹരമാക്കാന്‍, അര്‍ത്ഥസമ്പുഷ്ടമാക്കുവാന്‍ വഴി കണ്ടെത്തണം. ഇച്ഛാശക്തിയും അറിവും ധര്‍മ്മബോധവും കൈമുതലായി ഉണ്ടായിരുന്നാല്‍ മതി. മറ്റുള്ളവര്‍ മാറുമെന്നു പ്രതീക്ഷിക്കുന്നതിന് മുന്‍പ് സ്വയം മാറണം. നമ്മുടെ സ്ഥിതി മറ്റുള്ളവര്‍ മെച്ചപ്പെടുത്തി തരുമെന്ന് കാത്തിരിക്കയുമരുത്.
പടര്‍ന്ന് പന്തലിക്കണമെങ്കില്‍ ആഴത്തില്‍ വേരോടണം. വിജയം നേടുവാന്‍ അധ്വാനം വേണം. കഠിന പ്രയത്‌നത്തിന്റെ കാലമല്ല, സ്മാര്‍ട്ട് ആയ പ്രവര്‍ത്തനമാണ് ഇന്ന് ആവശ്യം.
കുഞ്ഞായിരിക്കുമ്പോള്‍ ഇരുട്ടിനെ ഭയക്കുന്നത് സ്വാഭാവികം. മുതിര്‍ന്ന ശേഷം വെളിച്ചത്തെ ഭയക്കുന്നത് ദുരന്തമാണ്.

സ്ത്രീകള്‍ ഇന്ന് എത്തി നില്‍ക്കുന്ന അവസ്ഥ, സമത്വം ഒറ്റ ദിവസംകൊണ്ട് ഉണ്ടായതല്ല. ആ വഴികളിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കൂ. കരിപുരണ്ട അടുക്കളയില്‍ വിറകടുപ്പില്‍ തീയൂതി, ആറും എട്ടും കുട്ടികളെ പോറ്റി വളര്‍ത്തി, ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിക്കുവാന്‍ പോലും കഴിയാതെ, ആണ്‍കുട്ടിക്ക് ഒപ്പം ഉന്നത വിദ്യാഭ്യാസത്തിന് അവസരം ഇല്ലാതെ, മൂന്ന് നേരം വച്ചു വിളമ്പി കഴിയുമ്പോഴും സ്വന്തം ഇഷ്ടം നോക്കി ഒരു കറി പോലും ഉണ്ടാക്കാതെ… അങ്ങനെ അങ്ങനെ.

അതിനര്‍ത്ഥം, എല്ലാം തികഞ്ഞു എന്നോ, ഇനി ഒന്നും നേടാനില്ല എന്നോ അല്ല. ഇനി ബാക്കി നില്‍ക്കുന്നത് സ്വയം തീര്‍ത്ത ബന്ധനത്തില്‍ നിന്നുള്ള മോചനം മാത്രമാണ്. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞു നടക്കലും, കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ശുഷ്‌കാന്തി കുറവായതും ഒക്കെ ഉണ്ട്. ആലോചിച്ചുനോക്കൂ, ഒരു പെണ്ണ് എന്നനിലയില്‍ എവിടെയാണ് പരിമിതികള്‍ ഉള്ളത്? സ്വാതന്ത്ര്യം ഉചിതമായ രീതിയില്‍ വിനിയോഗിക്കാന്‍ ത്രാണിയില്ല എങ്കില്‍, അതിനര്‍ഹയല്ല എന്ന് കരുതേണ്ടിവരും.

സ്വയം ബഹുമാനിച്ചില്ല എങ്കില്‍, സ്വയം സ്‌നേഹിച്ചില്ല എങ്കില്‍, സ്വയം വളരാനുള്ള ശ്രമം നടത്തുന്നില്ല എങ്കില്‍ മറ്റാര്‍ക്കും നമ്മേ രക്ഷിക്കാന്‍ കഴിയില്ല.

 

By admin