• Wed. Sep 10th, 2025

24×7 Live News

Apdin News

പെരുമ്പാവൂർ ഇതര സംസ്ഥാന തൊഴിലാളികളുടെ മയക്കുമരുന്ന് പറുദീസയാകുന്നു ; ഇന്ന് ആഡംബര കാറിൽ നിന്നും പിടികൂടിയത് എട്ട് കിലോ കഞ്ചാവ്

Byadmin

Sep 10, 2025



പെരുമ്പാവൂർ : ആഡംബര വാഹനത്തിൽ കഞ്ചാവ് കടത്ത്. 8 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് മധുബോണ സ്വദേശി മണിറുൽ മണ്ഡൽ (27), സോൺജൂർ മണ്ഡൽ (25) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘവും കോടനാട് പോലീസും ചേർന്ന് പിടികൂടിയത്.

ബുധനാഴ്ച പുലർച്ചെ കൂവപ്പടി പാപ്പൻ പടി ഭാഗത്ത് വെച്ച് കഞ്ചാവ് കൈമാറാൻ നിൽക്കുന്നതിനിടെ ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്ന് ടാറ്റ ഹാരിയർ കാറിലാണ് ഇവർ കഞ്ചാവുമായി എത്തിയത്. വെസ്റ്റ് ബംഗാൾ രജിസ്ട്രേഷനിലുള്ള കാറിൻറെ നമ്പർ പ്ലേറ്റ് ഊരി മാറ്റി കേരള രജിസ്ട്രേഷനിലുള്ള കാറിന്റെ നമ്പർ ഫിറ്റ് ചെയ്തു കഞ്ചാവ് കടത്തുകയായിരുന്നു.

രഹസ്യവിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഒഡീഷയിൽ നിന്ന് 2000 രൂപ വിലയ്‌ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 25000 രൂപ മുതൽ 30,000 വരെ നിരക്കിൽ വിൽപ്പന നടത്തി വരികയായിരുന്നു. കഞ്ചാവ് വില്പന കഴിഞ്ഞ് അന്ന് തന്നെ നാട്ടിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇവരുടെ രീതി.

കഴിഞ്ഞയാഴ്ച കാറിൽ കടത്തിയ 90 കിലോ കഞ്ചാവ് തടിയിട്ട പറമ്പ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 3 മുർഷിദാബാദ് സ്വദേശികളെ കസ്റ്റഡിയിലെടുത്തിരുന്നു.

അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ എഎസ് പി ഹാർദിക് മീണ, ഇൻസ്പെക്ടർ ജി.പി മനുരാജ്, എസ്.ഐ അജി പി നായർ, എ.എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ്, സുനിൽകുമാർ, സീനിയർ സി പി ഒ മാരായ വർഗീസ് ‘ടി വേണാട്ട്, ടി.എ അഫ്സൽ , ബെന്നി ഐസക്, എം.ആർ രഞ്ജിത്ത്, എബി മാത്യു, നിതിൻ, നിസാമുദ്ദീൻ, അരുൺ എന്നിവരാണ് ഉണ്ടായിരുന്നത്.

By admin