• Wed. Feb 12th, 2025

24×7 Live News

Apdin News

പെര്‍ഫ്യൂമില്‍ ഗുരുതര പ്രശ്‌നമുണ്ടാക്കുന്ന മീഥൈല്‍ ആല്‍ക്കഹോള്‍

Byadmin

Feb 12, 2025


ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കണ്ടെത്തിയതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നുമാണ് മായം ചേര്‍ത്ത പെര്‍ഫ്യൂം പിടികൂടിയത്.

ഇതില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് 95 ശതമാനത്തോളം ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മീഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിരിക്കുന്നത് കൊണ്ട് ഇതുപയോഗിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ‘കരിഷ്മ പെര്‍ഫ്യൂം’ എന്ന പേരില്‍ ഇറക്കിയ പെര്‍ഫ്യൂമിലാണ് മീഥൈല്‍ ആൾക്കഹോള്‍ അമിത അളവില്‍ കണ്ടെത്തിയത്. കേരള പോയിസണ്‍ റൂളിന്റെ ഷെഡ്യൂള്‍ ഒന്നില്‍ വരുന്ന ഒരു വിഷമാണ് മീഥൈല്‍ ആൾക്കഹോള്‍.kerala news

ആരോഗ്യത്തിന് ഹാനികരമായിട്ടുള്ള ഇത്തരം പദാര്‍ത്ഥങ്ങളുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം മായം ചേര്‍ക്കല്‍ (Adulterated) വിഭാഗത്തിലാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. പെര്‍ഫ്യൂം ആയിട്ടാണ് നിര്‍മ്മിക്കുന്നതെങ്കിലും ആഫ്റ്റര്‍ ഷേവ് ആയിട്ടാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. അതിനാല്‍ തന്നെ മൃദുവായ മുഖ ചര്‍മ്മത്തിലൂടെയും മുറിവിലൂടെയും വേഗത്തില്‍ ശരീരത്തിലെത്തി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു.

By admin