ന്യൂയോർക്ക് : കൊമ്പുള്ള ‘ഫ്രാങ്കൻസ്റ്റൈൻ മുയലുകൾ’ മുതൽ ‘സോംബി അണ്ണാൻ’ വരെ നാട്ടിൽ ഭീതി പരത്തുകയാണ്. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ ഒരു മാനും കൂടിയായപ്പോൾ ഭയം ഇരട്ടിപ്പിച്ചുവെന്ന് വേണം പറയുവാൻ. സംഗതി നമ്മുടെ കേരളത്തിലാണെന്ന് ആരും ചിന്തിക്കരുത്, ഈ പ്രതിഭാസം അങ്ങ് യുഎസ് സംസ്ഥാനങ്ങളിലാണ് പടരുന്നത്.
ഇപ്പോൾ വിചിത്രവും മാംസം പോലുള്ള കുമിളകളുള്ളതുമായ ‘മ്യൂട്ടന്റ് മാൻ’ കളുടെ ഭയാനകമായ കാഴ്‌ചകൾ അമേരിക്കൻ ഐക്യനാടുകളിലുടനീളം പ്രത്യക്ഷപ്പെടുന്നുണ്ട്. ന്യൂയോർക്ക്, പെൻസിൽവാനിയ മുതൽ വിസ്കോൺസിൻ വരെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ തലയിലും കഴുത്തിലും കാലുകളിലും അരിമ്പാറ പോലുള്ള കുമിളകളുള്ള മാനുകളുടെ ഞെട്ടിക്കുന്ന ചിത്രങ്ങൾ പകർത്തി.
അതേ സമയം ഈ മ്യൂട്ടന്റ് മാനുകളുടെ കാഴ്‌ച ആർക്കും അസ്വസ്ഥതയുണ്ടാക്കും. വന്യജീവി സമൂഹത്തിൽ ഇത് ഒരു പുതിയ രോഗ ബാധയാണോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. “മ്യൂട്ടന്റ് മാൻ” ചിത്രങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ വന്യജീവി അധികാരികളും വന്യജീവി-ആരോഗ്യ വിദഗ്ധരും പ്രതികരണങ്ങളുമായി രംഗത്തെത്തി.
വിദഗ്ധരുടെ അഭിപ്രായത്തിൽ ഈ വിചിത്രമായ വളർച്ചകളെ ക്യുട്ടേനിയസ് ഫൈബ്രോമകൾ എന്ന് വിളിക്കുന്നു. സാധാരണയായി ‘മാൻ അരിമ്പാറ’, എന്നും പറയുന്നു. ഇവ ഒരു സ്പീഷീസ്-നിർദ്ദിഷ്ട പാപ്പിലോമ വൈറസ് മൂലമാണ് ഉണ്ടാകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.