കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഷാഫി പറമ്പില്‍ എംപിക്കും ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാറിനും പരിക്കേറ്റു. സംഘര്‍ഷം പിരിച്ചു വിടാന്‍ പോലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഷാഫി പറമ്പില്‍ എംപിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എംപിക്ക് മുഖത്തും തലയിലും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിന്റെ ഭാഗമായി ഇന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
അതേസമയം, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊലീസ് നടപടിയില്‍ പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താന്‍ കോണ്‍ഗ്രസ്. കോഴിക്കോട് നഗരത്തിലും തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്കും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.