പേരാമ്പ്രയിലെ പൊലീസ് മർദ്ദനത്തിൽ നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി. കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും. തുടർനടപടികൾ പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് വടകര എംപി ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എംപി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാരോപിച്ചാണ് നീക്കം.
പേരാമ്പ്ര സംഘര്‍ഷത്തില്‍ തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നുള്‍പ്പെടെ വെളിപ്പെടുത്തല്‍ നടത്തിയിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. സര്‍വീസില്‍നിന്ന് പുറത്താക്കിയ ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചത് എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ആരോപണം.
വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു ഷാഫിയുടെ പ്രതികരണം. വിഷയത്തില്‍ ഡിജിപിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തെളിവുകളോടെ പരാതി നല്‍കിയിട്ടും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിച്ചിരുന്നു..