പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിനെ മര്‍ദിച്ചതില്‍ കണ്‍ട്രോള്‍ റൂം സിഐയുടെ വാദം പൊളിയുന്നു. കറുത്ത ഹെല്‍മറ്റ് ധരിച്ച പൊലീസുകാരനാണ് ഷാഫിയെ മര്‍ദിച്ചതെന്നായിരുന്നു സിഐ അഭിലാഷ് ഡേവിഡിന്റെ വാദം. എന്നാല്‍ കാക്കി ഹെല്‍മറ്റിട്ട പൊലീസുകാരന്‍ ഷാഫിയെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
താന്‍, ഷാഫിയെ മര്‍ദിക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നില്ലെന്നും കറുത്ത ഹെല്‍മെറ്റ് ധരിച്ചയാളാണ് ഷാഫിയെ മര്‍ദിച്ചതെന്നും താന്‍ ധരിച്ചത് കാക്കി ഹെല്‍മെറ്റ് ആണെന്നും സിഐ പറഞ്ഞിരുന്നു. ഷാഫിയുടെ തൊട്ടുമുന്നില്‍ നില്‍ക്കുന്ന കാക്കി ഹെല്‍മെറ്റ് ധരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സി.ഐ അഭിലാഷ് ഡേവിഡ് ആണ് അക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് ഷാഫി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മാഫിയ ബന്ധത്തിന്റെ പേരില്‍ 2023 ജനുവരി 16ന് സസ്‌പെന്‍ഷനില്‍ പോയ പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ഡേവിഡ്, സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിലെ നിത്യസന്ദര്‍ശകനാണെന്നും ഷാഫി ആരോപിച്ചിരുന്നു.