
തിരുവനന്തപുരം: സിപിഎം നേതാവ് കെ കെ ശൈലജ പേരാവൂരില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് മത്സര സന്നദ്ധത അറിയിച്ചത്.
മട്ടന്നൂരില്‍ നിന്ന് ഷൈലജയെ മാറ്റി പേരാവൂരില്‍ മത്സരിപ്പിക്കുമെന്ന് നേരത്തേ വാര്‍ത്ത ഉണ്ടായിരുന്നു.എന്നാല്‍ കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് വിജയിച്ച മണ്ഡലത്തില്‍ മത്സരം കടുക്കുമെന്നതിനാല്‍ ഷൈലജയ്‌ക്ക് താത്പര്യമില്ലെന്നും വാര്‍ത്ത ഉണ്ടായിരുന്നു.ഉറപ്പുളള മണ്ഡലങ്ങളില്‍ രണ്ട് ടേം വ്യവസ്ഥ നടപ്പിലാക്കുകയും ഉറപ്പില്ലാത്ത മണ്ഡലങ്ങളില്‍ വ്യവസ്ഥ നടപ്പാക്കാതിരിക്കുകയുമാണ് സി പി എം സ്വീകരിച്ചിരിക്കുന്ന നയം.
ഈ സാഹചര്യത്തില്‍ മട്ടന്നൂരില്‍ വി കെ സനോജ് സ്ഥാനാര്‍ഥിയാകും. തളിപ്പറമ്പില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയും മത്സരിക്കും. എന്നാല്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന് സീറ്റില്ല. തലശേരിയില്‍ കാരായി രാജന്‍ സ്ഥാനാര്‍ത്ഥിയാകും.
തോമസ് ഐസക്, പി ജയരാജന്‍ എന്നിവര്‍ക്കും സീറ്റില്ല. സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് എം സ്വരാജ് മത്സരിച്ചേക്കും. പൊന്നാനിയിലെ പട്ടികയില്‍ എം സ്വരാജിന്റെ പേരുണ്ട്. തിരുവനന്തപുരത്ത് സിപിഎം മത്സരിക്കുന്ന 10 സീറ്റുകളില്‍ 9 ഇടത്തും സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കും. വര്‍ക്കലയില്‍ വി ജോയിയുടെ കാര്യത്തില്‍ തീരുമാനം ഞായറാഴ്ചത്തെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉണ്ടാകും.
മാര്‍ച്ച് ഏഴിന് മുമ്പ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനുണ്ടാകുമെന്നും എംഎ ബേബി ഇന്നലെ പിബി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.ജില്ലകളില്‍ നിന്നുള്ള പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയില്‍ 90 ശതമാനം സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനക്ക് വന്നിട്ടുള്ളത്.