
ഇരിട്ടി: പേരാവൂര്‍ ഗവ. ഐടിഐയില്‍ എബിവിപിക്ക് ചരിത്ര വിജയം. സംസ്ഥാനത്തെ ഐടിഐ കോളജുകളിലേക്ക് നടക്കുന്ന ഇലക്ഷന്റെ നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ മുഴുവന്‍ സീറ്റുകളിലും എബിവിപി പ്രതിനിധികള്‍ എതിരില്ലാതെ വിജയിച്ചു.
ചെയര്‍മാനായി കെ.എം. അശ്വന്തും, ജനറല്‍ സെക്രട്ടറിയായി കെ. അശ്വന്തും, കൗണ്‍സിലറായി എം.പി. സ്‌മേജയും, മാഗസിന്‍ എഡിറ്ററായി പി. ശിവദത്തും, ജനറല്‍ ക്യാപ്റ്റനായി സി. അതുലും, ഫൈന്‍ആര്‍ട്‌സ് സെക്രട്ടറിയായി എ. ആനന്ദും തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്‌ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിവരുന്ന വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിന്റെ ഫലമായാണ് മറ്റു വിദ്യാര്‍ത്ഥി സംഘടനകളെ ഈ ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ അകറ്റി നിര്‍ത്തിയതും എബിവിപി യെ ഒറ്റക്കെട്ടായി തെരഞ്ഞെടുത്തതെന്നും നേതാക്കള്‍ പറഞ്ഞു. ഇതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും എസ്എഫ്‌ഐ-സിപിഎം ക്രിമിനലുകള്‍ കോളജിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. കോളജിലെ വിദ്യാര്‍ത്ഥികള്‍ ഭീഷണി അവഗണിച്ചാണ് എബിവിപിയെ തിരഞ്ഞെടുത്തത്. ഈ ഐടിഐ യിലെ വിദ്യാര്‍ത്ഥിയായിരുന്നു പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലചെയ്ത എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ്. 2018 ജനുവരി 19നാണ് ശ്യാമപ്രസാദിനെ കണ്ണവത്തെ വീട്ടിലേക്കു പോകുന്ന വഴിക്ക് ബൈക്ക് തടഞ്ഞുനിര്‍ത്തി നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഭികരര്‍ കൊലചെയ്തത്.