പേര് മാറ്റാനൊരുങ്ങി ‘സൊമാറ്റോ’ കമ്പനി. ‘എറ്റേണല്‍ ലിമിറ്റഡ്’ എന്നാക്കി മാറ്റാന്‍ അംഗീകാരം നല്‍കി കമ്പനി ഡയറക്ടര്‍ ബോര്‍ഡ്. സൊമാറ്റോ സിസിഇഒ ദീപീന്ദര്‍ ഗോയല്‍ ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ പേര് മാറ്റാന്‍ അംഗീകാരം ലഭിച്ചതായി അറിയിക്കുകയായിരുന്നു. അതേസമയം ആപ്പിന്റെ പേര് സൊമാറ്റോ എന്ന് തന്നെ തുടരും. എന്നാല്‍ സ്റ്റോക്ക് ടിക്കര്‍ സൊമാറ്റോയില്‍ നിന്ന് എറ്റേണലിലേക്ക് മാറ്റാനാണ് തീരുമാനം.
പുതിയ ലോഗോയും കമ്പനി പുറത്തിറക്കി. സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പര്‍പ്യൂര്‍ എന്നീ നാല് പ്രധാന ആപ്പുകള്‍ ഇനി എറ്റേണലില്‍ ഉള്‍പ്പെടും.
ബ്ലിങ്കിറ്റ് ഏറ്റെടുത്തപ്പോള്‍ കമ്പനിയെയും ആപ്പിനെയും വേര്‍തിരിച്ചറിയാന്‍ വേണ്ടി തുടക്കത്തില്‍ ‘എറ്റേണല്‍’ എന്ന് ഉപയോഗിച്ചിരുന്നെന്നും പിന്നീടാണ് സൊമാറ്റോയ്ക്ക് പകരം കമ്പനിയുടെ പേര് പൂര്‍ണമായും എറ്റേണല്‍ എന്ന് മാറ്റാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. ഡിസംബര്‍ 23 ന് സൊമാറ്റോ ബിഎസ്ഇ സെന്‍സെക്‌സില്‍ ഇടംപിടിച്ചിരുന്നു. സെന്‍സെക്‌സില്‍ ഇടം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഇതെന്നും പറയുന്നു. ഓഹരി ഉടമകള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍, കമ്പനിയുടെ കോര്‍പ്പറേറ്റ് വെബ്സൈറ്റ് zomato.com ല്‍ നിന്ന് eternal.com ലേക്ക് മാറ്റുമെന്നും അദ്ദേഹം സൂചപ്പിച്ചു. കൂടാതെ സ്റ്റോക്ക് ടിക്കര്‍ ZOMATO യില്‍ നിന്ന് ETERNAL ലേക്ക് മാറുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.