
ചക്കുളത്തുകാവ്: ചക്കുളത്തമ്മയ്‌ക്ക് തൃക്കാര്‍ത്തിക ദിനത്തില്‍ പൊങ്കാലയര്‍പ്പിച്ച് ഭക്തസഹസ്രങ്ങള്‍ നിര്‍വൃതി നേടി. പൊങ്കാല അര്‍പ്പിച്ച് ദേവീ കടാക്ഷത്തിനായി വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
നടപ്പന്തലില്‍ പ്രത്യേകം തയാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിന് അരികില്‍ ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവിലില്‍ നിന്നും ദേവിയെ മൂലബിംബത്തില്‍ ആവാഹിച്ച് ഏഴുന്നള്ളിച്ചു. മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പ്രോജോലിപ്പിച്ചു കാര്‍ത്തിക പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമായി. അമ്മേ നാരായണ, ദേവീ നാരായണ മന്ത്രങ്ങളാല്‍ നാട് മുഖരിതമായി. ഇരുകൈകളും കൂപ്പി ഭക്തര്‍ ദേവി സ്തുതികള്‍ ഉച്ചത്തില്‍ വിളിച്ചു ചൊല്ലി. പണ്ടാര പൊങ്കാല അടുപ്പില്‍ നിന്ന് പകര്‍ന്ന അഗ്നി ആയിരക്കണക്കിന് പെങ്കാല അടുപ്പുകളിലേക്ക് പകര്‍ന്നു.
ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ നേത്യത്വത്തില്‍ രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ പൊങ്കാലയ്‌ക്ക് മുന്നോടിയായി നടന്ന ഭക്തജന സംഗമത്തില്‍ മന്ത്രി സജി ചെറിയാന്‍ പൊങ്കാല ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. വിളിച്ചു ചൊല്ലി പ്രാര്‍ത്ഥന രമേശ് ഇളമണ്‍ നമ്പൂതിരി നിര്‍വഹിച്ചു. നിവേദ്യം പാകപ്പെടുത്തിയതിന് ശേഷം 500ല്‍ പരം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിച്ചു.
പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടന്നു. വൈകിട്ട് കാര്‍ത്തിക സ്തംഭം അഗ്നിക്കിരയാക്കി. സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നും പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് മഹാസംഗമത്തില്‍ പങ്കെടുക്കാന്‍ ചക്കുളത്തുകാവില്‍ എത്തിയത്. ക്ഷേത്രത്തിന് 70 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല കലങ്ങള്‍ നിരന്നു. മൂവായിരത്തോളം ക്ഷേത്ര വോളന്റിയേഴ്സിന്റേയും ആയിരത്തോളം പോലീസ്, ഫയര്‍ഫോഴ്സ്, എക്സൈസ് ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പൊങ്കാല സ്ഥലങ്ങളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.