
മുംബൈ: അജിത് പവാറും ദേവേന്ദ്ര ഫഡ് നാവിസും ഏക് നാഥ് ഷിന്‍ഡേയും തമ്മിലുള്ള സൗഹൃദമാണ് ബിജെപി-എന്‍സിപി-ശിവസേന മുന്നണിയായ മഹായുതിയെ മഹാരാഷ്‌ട്രയില്‍ കരുത്തുള്ള മുന്നണിയാക്കി മാറ്റിയത്. മഹാരാഷ്‌ട്ര നിയമസഭ പിടിച്ചെടുത്തും പിന്നീട് മഹാരാഷ്‌ട്രയിലെ കോര്‍പറേഷനുകള്‍ പിടിച്ചെടുത്തും ഈ മഹായുതി മുന്നണി മുന്നേറിയതിന് പിന്നില്‍ ഈ സൗഹൃദം തന്നെ.
അതില്‍ ഒരാള്‍ പൊലിഞ്ഞുപോയിരിക്കുന്നു. തമാശകള്‍ പൊട്ടിച്ച് ഈ സൗഹൃദത്തെ ഊഷ്മളമാക്കിയ അജിത് പവാര്‍. അദ്ദേഹത്തിന്റെ വിടവാങ്ങലില്‍ വിങ്ങിപ്പൊട്ടാന്‍ പോലും കഴിയാത്ത മരവിപ്പിലായിരുന്നു ഭാര്യ സുനേത്ര പവാര്‍. അവര്‍ക്കരികിലേക്ക് ആ ഉറ്റചങ്ങാതിമാര്‍ ഓടിയെത്തി. ഫഡ് നാവിസും ഷിന്‍ഡേയും സുനേത്ര പവാറിനടുത്ത് ഒരക്ഷരം പോലും ഉരിയാടാനാവാതെ,ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും കഴിയാതെ മൗനം മാത്രം അവലംബിച്ച് നിമിഷങ്ങളെണ്ണി ഇരുന്നു, മണിക്കൂറുകളോളം. .
ഉറ്റ ചങ്ങാതിയുടെ മരണത്തിലെ അനുശോചനത്തിന്റെ തേങ്ങലിന്റെ നനവ്. കരുത്തുറ്റ, വിശാലഹൃദയനായ ഒരു ചങ്ങാതിയെയാണ് തനിക്ക് നഷ്ടമായതെന്ന് ദേവേന്ദ്ര ഫഡ് നാവിസ് ഓര്‍മ്മിയ്‌ക്കുന്നു. മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി വന്‍വികസനപദ്ധതികള്‍ കൊണ്ടുവരുന്നതിന് മുന്‍പാണ് ആ സുഹൃത്ത് പിരിഞ്ഞുപോയതെന്നും ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു. മഹാരാഷ്‌ട്രയ്‌ക്ക് ഇത് ഇരുട്ടിന്റെ ദിവസമാണെന്നും എല്ലാ വശങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും ഏക് നാഥ് ഷിന്‍ഡേ.
മഹാരാഷ്‌ട്രയിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് എന്നത് അങ്ങേയറ്റം പ്രാദേശിക സ്വഭാവമുള്ള തെരഞ്ഞെടുപ്പാണ്. അതില്‍ അതത് ലോക്കലായ ശത്രുകളും മത്സരപ്പോരുകളും സ്വാഭാവികം. അതാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മഹായുതിയിലെ അംഗങ്ങളായ ബിജെപിയും ഷിന്‍ഡേ ശിവസേനയും അജിത് പവാര്‍ എന്‍സിപിയും പരസ്പരം മത്സരിക്കാന്‍ ഇടയാക്കിയത്. അതിനെ മാധ്യമങ്ങള്‍ ദുഷ്ടലാക്കോടെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അജിത് പവാറും ഫഡ് നാവിസും ഏക്നാഥ് ഷിന്‍ഡെയും ഇണപിരിയാത്ത കൂട്ടുകാര്‍ തന്നെയായിരുന്നു. ആ ഊഷ്ടള സൗഹൃദത്തിന്റെ കടയ്‌ക്കല്‍ ആണ് ദുര്‍വിധി കത്തിവെച്ചത്.