തിരുവനന്തപുരത്ത് എസ്എപി ക്യാംപില്‍ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു കുടുംബം. ആര്യനാട് കീഴ്പാലൂര്‍ സ്വദേശി ആനന്ദിനെയാണ് ഇന്നു രാവിലെ പേരൂര്‍ക്കടയിലെ എസ്എപി ക്യാംപില്‍ ബാരക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലറ്റൂണ്‍ ലീഡറായി തിരഞ്ഞെടുത്തിനു ശേഷം ആനന്ദ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നു പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ആനന്ദിന്റെ സഹോദരന്‍ പേരൂര്‍ക്കട പൊലീസിലും എസ്എപി കമാന്‍ഡന്റിനും പരാതി നല്‍കി.
ബി കമ്പനി പ്ലറ്റൂണ്‍ ലീഡര്‍ ആയിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കുകയും കൗണ്‍സിലിങ് നടത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം ക്യാംപില്‍ മടങ്ങി എത്തിയ ആനന്ദിനെ നിരീക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന ആളെ ഏല്‍പ്പിച്ചിരുന്നു. ഇന്നു പുലര്‍ച്ചെ ഇയാള്‍ ശുചിമുറിയിലേക്കു പോകുകയും ഒപ്പമുണ്ടായിരുന്നവര്‍ പരിശീലനത്തിനു പോകുകയും ചെയ്ത ശേഷം ആനന്ദ് ബാരക്കില്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
രണ്ടു ദിവസത്തിനു ശേഷം വീണ്ടും പരിശീലനത്തിനു പോകാമെന്നു മേലുദ്യോഗസ്ഥര്‍ പറയുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ആനന്ദിനെ ഇന്നു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്