തിരുവനന്തപുര പേരൂര്‍ക്കടയില്‍ ദലിത് യുവതിയുടെ മേല്‍ കള്ളക്കേസ് ചുമത്താന്‍ ശ്രമിച്ച പൊലീസിനെതിരെ നടപടിയെടുത്തു. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പ്രസസന്നനെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് സ്റ്റേഷനില്‍ വെച്ച് ശുചിമുറിയിലെ വെള്ളം കുടിക്കാന്‍ പറഞ്ഞതും അസഭ്യം പറഞ്ഞതും എഎസ്‌ഐ ആണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണറാണ് എഎസ്‌ഐക്കെതിരെ നടപടിയെടുത്തത്.
അതേസമയം സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതിനായി പേരൂര്‍ക്കട സ്റ്റേഷനിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പേരൂര്‍ക്കട സ്റ്റേഷന്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ കൂടി തന്നെ അപമാനിച്ചതായി യുവതി ആരോപിച്ചിരുന്നു.
മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ അടിസ്ഥനത്തിലാണ് നെടുമങ്ങാട് സ്വദേശിയായ യുവതിക്ക് ക്രൂരപീഡനം നേരിടേണ്ടിവന്നത്. അതേസമയം പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് യുവതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്‌ഐആര്‍ പിന്‍വലിക്കുകയായിരുന്നു.
യുവതി ജോലിക്ക് നിന്നിരുന്ന വീട്ടിലെ സ്വര്‍ണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെത്തിച്ച് എസ് ഐ ഉള്‍പ്പടെയുള്ളവര്‍ യുവതിയോട് ക്രൂരമായി പെരുമാറിയത്.