• Fri. Feb 7th, 2025

24×7 Live News

Apdin News

‘പൊള്ളയായ ബജറ്റ്, സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെ പരിഗണിച്ചില്ല’: വി.ഡി സതീശൻ

Byadmin

Feb 7, 2025


ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. ബജറ്റ് കേരള ജനതയെ പരിഹസിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. സർക്കാർ ജീവനക്കാർ ഒരു ഗഡു നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ, പി.എഫിൽ ലയിപ്പിക്കും. ഇതോടെ, ജീവനക്കാരുടെ കൈയിൽ പണം ലഭിക്കില്ല. ലീവ് സറണ്ടർ 2027ൽ ലഭിക്കുമെന്നാണ് പറയുന്നത്. ജീവനക്കാർ കൊടുക്കാനുള്ളത് 65,000 കോടിയാണ്.

170 രൂപയുണ്ടായിരുന്ന റബറിന്‍റെ തറവില 10 രൂപ കൂട്ടി 180 രൂപയാക്കി. റബറിന്‍റെ നിലവിലെ വിപണി വില 210 രൂപയാണ്. വിപണിയെ കുറിച്ചോ കർഷകനെ കുറിച്ചോ ഒന്നും അറിയില്ല. സർക്കാർ പ്രഖ്യാപിച്ച തറവിലയേക്കാൾ 28 രൂപ വിപണിയിലുണ്ട്.

ഭൂനികുതി ഉയർത്തിയത് ഭീകരകൊള്ളയാണ്. സാധാരണക്കാരായ, പാവപ്പെട്ട ആളുകളെ പിഴിയുന്നതിന് വേണ്ടിയാണിത്. നികുതി പിരിവിൽ സർക്കാർ ദയനീയ പരാജയമാണ്. സാമ്പത്തിക വളർച്ചയിൽ 2020 മുതലുള്ള അവറേജ് ആണ് ധനമന്ത്രി പറയുന്നത്. കോവിഡ് കാലത്തിന് ശേഷമുള്ള സാധാരണ നിലയും നിലവിലെ സ്ഥിതിയും താരതമ്യം ചെയ്താണ് വളർച്ച ചൂണ്ടിക്കാട്ടുന്നത്.

ജലജീവൻ മിഷന് സംസ്ഥാന വിഹിതമായി കൊടുക്കേണ്ടത് 4500 കോടിയാണ്. സംസ്ഥാന വിഹിതം കൊടുക്കാത്തത് കൊണ്ട് കേന്ദ്ര വിഹിതം കേരളത്തിന് കിട്ടിയില്ല. ജലജീവൻ മിഷൻ വർക്ക് എടുത്തവർ ആത്മഹത്യയുടെ വക്കിലാണ്. 4500 കോടി കൊടുക്കാനുണ്ട്. പൊള്ളയായ വാക്കുകളും ആവർത്തനവുമാണ് ബജറ്റിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ 24 വർഷത്തിനിടെ ഇതുപോലൊരു ബജറ്റ് കണ്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

By admin