കല്‍പ്പറ്റ: വയനാട് കമ്പളക്കാട് പള്ളിക്കുന്ന് റോഡിന് സമീപമുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോക്‌സോ കേസിലെ പ്രതിയായ തിരുവനന്തപുരം കരമന സ്വദേശിയായ സുനില്‍കുമാര്‍ (അല്‍ അമീര്‍) യുടേതായിരിക്കാമെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
വെള്ളമുണ്ട പൊലീസ് സ്റ്റേഷനിലാണ് സുനില്‍ക്കുമാറിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇയാളുടെ മൃതദേഹമാണോയെന്ന് സ്ഥിരീകരിക്കാന്‍ ബന്ധുക്കളെ കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച രാവിലെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുമെന്ന് പൊലീസ് അറിയിച്ചു.
പണി നടക്കുന്ന വീട്ടില്‍ നിന്നാണ് ഇന്ന് രാവിലെയോടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ടെറസിലെ ഇരുമ്പ് കമ്പികളില്‍ കാലുകള്‍ ചുവന്ന വയര്‍ ഉപയോഗിച്ച് ബന്ധിച്ച്, സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാകാമെന്നതാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് നിന്ന് പെട്രോള്‍ കുപ്പി, സിഗരറ്റ് ലൈറ്റര്‍, കറുത്ത ബാഗ്, ആത്മഹത്യ കുറിപ്പ് എന്നിവയും പൊലീസ് കണ്ടെത്തി. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി, സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.