ബെത്ലഹേം: 2014-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബെത്ലഹേം സന്ദര്‍ശിക്കുമ്പോള്‍ ഉപയോഗിച്ച ‘പോപ്പ്‌മൊബൈല്‍’ ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി ഓടിയെത്തുന്നു. മിറ്റ്സുബിഷി പിക്കപ്പ് മോഡലിലുള്ള ഈ വാഹനം ഗസ്സയിലെ കുട്ടികള്‍ക്കായി മൊബൈല്‍ പീഡിയാട്രിക് ക്ലിനിക്കായി മാറ്റിയൊരുക്കിയാണ് കൈമാറുന്നത്.
ദിവസം 200 കുട്ടികള്‍ വരെ ചികിത്സിക്കാനാകുന്ന വിധത്തില്‍ വാഹനം പൂര്‍ണ്ണമായി ആശുപത്രി സൗകര്യങ്ങളോടെ സജ്ജമാക്കിയിട്ടുണ്ട്. കത്തോലിക്ക സംഘടനയായ കാരിത്താസ് ആണ് ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
ഗസ്സയ്ക്ക് നല്‍കുന്നതൊരു വാഹനം മാത്രമല്ലെന്നും, ”മുറിവേറ്റ കുഞ്ഞുങ്ങളെ ലോകം മറന്നിട്ടില്ല” എന്ന സന്ദേശവുമാണിതെന്നും കാരിത്താസ് സ്വീഡന്‍ സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രൂണെ വ്യക്തമാക്കി.
ഏപ്രില്‍ 21ന് അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഈ വാഹനം അന്നത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചതാണ്.
അതേസമയം, ഇസ്രാഈല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഈ മൊബൈല്‍ ക്ലിനിക്ക് ഗസ്സയില്‍ എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നത് ഇതുവരെ വ്യക്തമല്ല.