കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ രണ്ടാം സീസണിന് ഇറങ്ങുമ്പോള്‍ കിരീടം നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യമെന്ന് കാലിക്കറ്റ് എഫ്‌സിയുടെ സഹപരിശീലകനും മലയാളിയുമായ ബിബി തോമസ് മുട്ടത്ത്. നിലവിലെ ചാമ്പ്യന്മാരോട് കളിക്കാനിറങ്ങുമ്പോള്‍ എതിര്‍ ടീമുകള്‍ ലക്ഷ്യം വെക്കുക എങ്ങനെയെങ്കിലും ജയിക്കണമെന്നതാണ്. എന്നാല്‍ സമ്മര്‍ദ്ദത്തിനടിപ്പെടാതെ എതിരാളികളെ തോല്‍പ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിബി ജന്മഭൂമിയോട് പറഞ്ഞു.
ടീം മികച്ച തയ്യാറെടുപ്പ് നടത്തിക്കഴിഞ്ഞു. പരിശീലനത്തിന്റെ ഭാഗമായി ഗോവയില്‍ വെച്ച് ഐഎസ്എല്‍ ക്ലബ്ബ് എഫ്‌സി ഗോവ, ഐ ലീഗ് ടീം ഡെംപോ എന്നീ ക്ലബ്ബുകള്‍ക്കെതിരെ കളിച്ച പരിശീലന മത്സരങ്ങള്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. എഫ്‌സി ഗോവയോട് നേരിയ മാര്‍ജിനില്‍ പരാജയപ്പെട്ടെങ്കിലും ഡെംപോയെ സമനിലയില്‍ പിടിക്കാന്‍ കഴിഞ്ഞു.
ആദ്യ സീസണ്‍ ഫൈനലില്‍ കാലിക്കറ്റ് എഫ്‌സിയോട് പരാജയപ്പെട്ട ഫോഴ്‌സ കൊച്ചിയാണ് ഈ സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ തങ്ങളുടെ എതിരാളികള്‍. ഫോഴ്‌സ കൊച്ചി കഴിഞ്ഞ ഫൈനല്‍ പരാജയത്തിന് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇറങ്ങുക. എന്നാല്‍ ഏതു വെല്ലുവിളിയും നേരിടാന്‍ തന്റെ ടീം സജ്ജമാണെന്ന് ബിബി തോമസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടീമിന്‍െ ക്യാപ്റ്റനും 2022ല്‍ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുക്കുകയും ചെയ്ത നായകന്‍ ജിജോ ജോസഫ് പക്ഷേ ഈ സീസണില്‍ ടീമിലില്ല. ആരോഗ്യകരമായ പ്രശ്‌നങ്ങളാണ് ടീമിനൊപ്പം തുടരാന്‍ ജിജോയ്‌ക്ക് തടസ്സമായതെന്നും ബിബി തോമസ് പറഞ്ഞു.
ചെറുപ്പവും പരിചയസമ്പത്തും സമന്വയിക്കുന്ന ടീമാണ് രണ്ടാം സീസണില്‍ കളത്തിലിങ്ങുന്നത്. 24 വയസ്സാണ് ടീമിന്റെ ശരാശരി പ്രായം. രണ്ടാം സീസണില്‍ പരിചയസമ്പന്നനും യുവത്വവുമായ അര്‍ജന്റീന ഫുട്‌ബോള്‍ പരിശീലകന്‍ എവര്‍ അഡ്രിയാനോ ഡിമാള്‍ഡെയെയാണ് ഈ സീസണില്‍ കാലിക്കറ്റ് എഫ്സിക്കായി തന്ത്രങ്ങള്‍ മെനയുന്നത്. നേരത്തെ സൗദി അറേബ്യന്‍ ദേശീയ ടീമിന്റെയും ഫ്രഞ്ച് ക്ലബ് മാഴ്സെയുടെയും സഹപരിശീലകനായിരുന്നു. കൂടാതെ ഹെരേര എഫ്സി, എഫ്സി ഡില, ഇന്‍ഡിപെന്‍ഡെന്റേ റിവാഡാവിയ, ജിംനാസിയ വൈ ടിറോ, അല്‍ ഹിലാല്‍ യുണൈറ്റഡ് തുടങ്ങി നിരവധി ക്ലബ്ബുകളുടെമാനേജരായും പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് ഡിമാള്‍ഡെ കേരളത്തിലേക്കെത്തുന്നത്. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാണെന്നും ബിബി തോമസ് മുട്ടത്ത് പറഞ്ഞു.