• Thu. Jan 15th, 2026

24×7 Live News

Apdin News

പോറ്റി ജയിലില്‍ തുടരും; ജാമ്യാപേക്ഷ വീണ്ടും തള്ളി

Byadmin

Jan 15, 2026



കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍പോറ്റി സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി തള്ളി. രണ്ട് കേസുകളിലെയും ജാമ്യഹര്‍ജിയാണ് കൊല്ലം വിജിലന്‍സ് കോടതി തള്ളിയത്. റിമാന്‍ഡിലായിട്ട് 90 ദിവസം കഴിഞ്ഞെന്നും സ്വാഭാവികനീതി അനുവദിക്കണമെന്നുമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം. എന്നാല്‍ കേസില്‍ തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ ഉണ്ടെന്നായിരുന്നു എസ്ഐടിയുടെ വാദം.

കേസില്‍ ആദ്യം അറസ്റ്റിലായ ആളാണെന്നും, 90 ദിവസമായി ജയിലില്‍ കഴിയുന്നു എന്നുമാണ് പോറ്റിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. കേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യം എന്നത് സ്വാഭാവിക നീതിയാണെന്നും പോറ്റിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒന്നാം പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഒരുകാരണവശാലും ജാമ്യം നല്‍കരുതെന്നും എസ്ഐടി ആവശ്യപ്പെട്ടു. ഈ വാദം അംഗീകരിച്ചാണ് കോടതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം നിഷേധിച്ചത്. രണ്ടാംതവണയാണ് വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളുന്നത്.

By admin