സൗഹാര്‍ദം തകര്‍ക്കുംവിധം മതം, വര്‍ണം, വര്‍ഗം, ജന്മസ്ഥലം, ഭാഷ, എന്നതിന്റെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍, മതത്തെയും മതവിശ്വാസങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതിലൂടെ മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമുള്ള പ്രവൃത്തി എന്നീ കുറ്റങ്ങളാണ് പി.സി. ജോര്‍ജിനെതിരെയുള്ളതെന്ന് മുന്‍കൂര്‍ ജാമ്യഹരജി തള്ളി ഹൈകോടതി നിരീക്ഷിച്ചു.
ജാമ്യം ലഭിച്ച് ഒരാഴ്ചക്കകം വ്യവസ്ഥ ലംഘിച്ച് വിദ്വേഷ പ്രസംഗം നടത്തിയ ചരിത്രമുണ്ടെന്നും കോടതി ഓർമ്മപ്പെടുത്തി. ജാമ്യം മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയെങ്കിലും ഹൈകോടതി അനുവദിച്ചു. അന്നത്തെ ജാമ്യവ്യവസ്ഥ ലംഘിച്ച് നടത്തിയ പ്രസ്താവനക്കാണ് ഇപ്പോഴത്തെ കേസ്.
വെറും നാവുപിഴയായി ഇതിനെ കരുതാനാവില്ലെന്നും പ്രകോപനംകൊണ്ട് പറഞ്ഞതെങ്കില്‍ രാഷ്ട്രീയത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി.
സാമുദായിക സ്പര്‍ധക്ക് കാരണമാകുന്ന പ്രസ്താവനയിറക്കിയശേഷം മാപ്പ് പറയുന്നത് അംഗീകരിക്കാനാവില്ലെന്നുംകോടതിപറഞ്ഞു.
കസ്റ്റഡി ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നതോ ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നതോകൊണ്ട് മാത്രം മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജാമ്യവ്യവസ്ഥ ലംഘിച്ചാലും മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്ന തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കും. അതിനാല്‍, ഹരജിക്കാരന്‍ മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനല്ലെന്ന് വ്യക്തമാക്കി ഹരജി തള്ളുകയായിരുന്നു.
74 വയസ്സായെന്നും 30 വര്‍ഷമായി ജനപ്രതിനിധിയായിരുന്നുവെന്നും മുന്‍കൂര്‍ ജാമ്യഹരജിയില്‍ പി.സി ജോര്‍ജ് ചൂണ്ടിക്കാട്ടിയിരുന്നു.
മൂന്നുവര്‍ഷം തടവോ പിഴയോ രണ്ടുമോ മാത്രമാണ് പരമാവധി ലഭിക്കാവുന്ന ശിക്ഷയെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചാനല്‍ ചര്‍ച്ചയിലാണ് കേസിനാധാരമായ പ്രസ്താവനയെന്നതിനാല്‍ ജാമ്യവ്യവസ്ഥ ലംഘനമാവില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു.