• Fri. Jan 30th, 2026

24×7 Live News

Apdin News

പ്രഗതി@50: ഫലങ്ങളും സേവനങ്ങളും ഭരണത്തെ നിര്‍വചിക്കുമ്പോള്‍

Byadmin

Jan 30, 2026



വന്‍കിട പദ്ധതികളുടെ ആസൂത്രണം, നിര്‍വ്വഹണം, നിരീക്ഷണം എന്നീ മേഖലകളില്‍ സര്‍ക്കാരിന്റെ രണ്ട് വിപ്ലവകരമായ ഇടപെടലുകള്‍ വലിയ സ്വാധീനം ചെലുത്തുന്നു- പിഎം ഗതി ശക്തിയും പ്രഗതിയും.

പ്രഗതി (പ്രോ-ആക്ടീവ് ഗവേണന്‍സ് ആന്‍ഡ് ടൈംലി ഇംപ്ലിമെന്റേഷന്‍) ചട്ടക്കൂടിന് കീഴിലുള്ള 50-ാമത് ഉന്നതതല അവലോകന യോഗം, കേന്ദ്ര സര്‍ക്കാര്‍ ഭരണ നിര്‍വ്വഹണത്തെ സമീപിക്കുന്ന രീതിയില്‍ ഉണ്ടായ അടിസ്ഥാനപരമായ പരിവര്‍ത്തനത്തെ സൂചിപ്പിക്കുന്നു. ഉദ്ദേശ്യങ്ങള്‍ക്കും വാഗ്ദാനങ്ങള്‍ക്കുമുപരി, മൂര്‍ത്തമായ ഫലങ്ങളിലേക്കും സേവനങ്ങളിലേക്കും, നടപടിക്രമതാധിഷ്ഠിത അനുവര്‍ത്തനത്തില്‍ നിന്ന് പ്രായോഗിക ഫലങ്ങളിലേക്കും, വികേന്ദ്രീകൃത അധികാരത്തില്‍ നിന്ന് ഏകോപിതവും സമയബന്ധിതവുമായ നിര്‍വ്വഹണത്തിലേക്കുമുള്ള ഈ പരിവര്‍ത്തനം സുവ്യക്തമാണ്. അതുകൊണ്ടു തന്നെ പ്രഗതി ഒരു സാധാരണ ഭരണപരിഷ്‌കാരമല്ല; മറിച്ച് ഭരണസംവിധാനങ്ങളെ ബോധപൂര്‍വം പുനര്‍രൂപകല്‍പ്പന ചെയ്യുന്ന സവിശേഷ മാതൃകയാണ്.

പ്രഗതിയുടെ ആവശ്യകത

പൊതു പദ്ധതികളിലെ കാലതാമസം ഇന്ന് ഏതാണ്ട് ഒഴിച്ചുകൂടാനാകാത്ത ഒരു സംഗതിയായി മാറിയിരിക്കുന്നു. പലപ്പോഴും നയപരമായ അസ്പഷ്ടതയിലോ സാമ്പത്തിക അനുമതികളുടെ അഭാവത്തിലോ അല്ല അവയുടെ മൂലകാരണം കുടികൊള്ളുന്നത്. പരസ്പര ബന്ധിതമല്ലാത്ത ഭരണ സംവിധാനങ്ങളിലാണ് പ്രശ്‌നത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത്. മന്ത്രാലയങ്ങള്‍ ഒരേ ദിശയില്‍, പരസ്പര ബന്ധമില്ലാതെ പ്രവര്‍ത്തിക്കുന്നു; സംസ്ഥാനങ്ങളും കേന്ദ്രവും ക്രമാനുഗതവും വ്യത്യസ്തവുമായ രീതികളില്‍ മുന്നോട്ട് നീങ്ങുന്നു; പരിഹാരങ്ങള്‍ കണ്ടെത്താന്‍ അധികാരപ്പെടുത്തിയ ഒരു വേദി നിലവിലില്ലാത്തതിനാല്‍ തര്‍ക്കങ്ങള്‍ നീളുന്നു. പദ്ധതികളുടെ ബാഹുല്യം വര്‍ദ്ധിക്കുന്തോറും ഉത്തരവാദിത്തം കൂടുതല്‍ അധികാരകേന്ദ്രങ്ങളിലേക്ക് വികേന്ദ്രീകൃതമാകുന്നു. ദുര്‍ബലമായ ഏകോപനവും ഒറ്റപ്പെട്ടതും പരിമിതവുമായ അവലോകന സംവിധാനങ്ങളുമാണ് പൊതുവെ പദ്ധതി നി
ര്‍വ്വഹണത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രധാന ഘടകങ്ങള്‍.

ഇതോടെ, പദ്ധതി നിര്‍വ്വഹണത്തിന്റെ വിശാലമായ ലക്ഷ്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ഭൂമിയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, വനം-പരിസ്ഥിതി അനുമതികളുടെ കാലതാമസം, നിയന്ത്രണ അംഗീകാരങ്ങള്‍, കരാര്‍ തര്‍ക്കങ്ങള്‍, അന്തര്‍സംസ്ഥാന ഏകോപന വെല്ലുവിളികള്‍ എന്നിവ മൂലം ഒട്ടേറെ പദ്ധതികള്‍ വര്‍ഷങ്ങളോളം സ്തംഭിക്കുകയുണ്ടായി. വിവിധ മന്ത്രാലയങ്ങളും വിവിധ സംസ്ഥാനങ്ങളും ഉള്‍പ്പെടുന്ന രാഷ്‌ട്രീയസാമ്പത്തിക ഘടനയില്‍, ഓരോ സ്ഥാപനവും സ്വന്തം അധികാരപരിധിയില്‍ ആധിപത്യം ഉറപ്പിക്കുമ്പോള്‍, ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ഏകോപനം അതീവ ദുഷ്‌കരമായി മാറുന്നു.

പദ്ധതി പൂര്‍ത്തീകരണത്തിന് നിരവധി സംസ്ഥാനങ്ങളുടെയും മന്ത്രാലയങ്ങളുടെയും സംഭാവന അനിവാര്യമായ സാഹചര്യത്തില്‍, യോഗങ്ങളുംചര്‍ച്ചകളും പദ്ധതിപ്രദേശ സന്ദര്‍ശനങ്ങളും സമിതികളുടെ രൂപീകരണവും അന്തമില്ലാത്ത കത്തിടപാടുകളും ഫലപ്രദമായ പരിഹാരങ്ങളായി മാറുന്നില്ല. ചര്‍ച്ചകളെ തീരുമാനമായി വ്യാഖ്യാനിക്കുകയും, പ്രവര്‍ത്തനത്തെ പുരോഗതിയായി വീക്ഷിക്കുകയും, ഉദ്ദേശ്യത്തെ നേട്ടമായി തെറ്റിദ്ധരിക്കുകയും ചെയ്യുന്ന ഒരു ഭരണ സമീപനമാണ് കാലങ്ങളായി നിലനിന്നിരുന്നത്.

പ്രഗതിയുടെ വരവ്
തീരുമാനമെടുക്കല്‍, ഏകോപനം, നിര്‍വ്വഹണം എന്നീ പ്രക്രിയകളെ പുനര്‍രൂപകല്‍പ്പന ചെയ്തുകൊണ്ടാണ് പ്രഗതി ഈ ഘടനാപരമായ പ്രശ്‌നങ്ങളെ നേരിടുന്നത്. ഒരു സിസ്റ്റം ഇന്റഗ്രേറ്ററായി പ്രവര്‍ത്തിക്കുന്ന പ്രഗതി, മന്ത്രാലയങ്ങള്‍, സംസ്ഥാനങ്ങള്‍, ജില്ലകള്‍ എന്നിവയിലുടനീളം തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നവരെ സ്ഥാപനപരവും ഡിജിറ്റലധിഷ്ഠിതവുമായ ഏകീകൃത പ്ലാറ്റ്ഫോമില്‍ സമന്വയിപ്പിക്കുന്നു. ഫയല്‍ ചലനങ്ങള്‍, അധികാരപരിധിയിലെ അവ്യക്തത, വകുപ്പുകള്‍ തമ്മിലുള്ള കത്തിടപാടുകള്‍ എന്നിവ സൃഷ്ടിക്കുന്ന കാലതാമസങ്ങളെ കാര്യക്ഷമമായി പരിഹരിക്കുന്നു. പരമപ്രധാനമായി, നിര്‍വ്വഹണത്തിന്റെ വിഗഹവീക്ഷണത്തെ ഇത് പുനഃസ്ഥാപിക്കുന്നുഒരു ഫയല്‍ എവിടെയാണ് കുടുങ്ങിയിരിക്കുന്നതെന്ന് തിരയുന്നതിന് പകരം, സമ്പൂര്‍ണ്ണ സംവിധാനവും എവിടെയാണ് തടസ്സപ്പെടുന്നതെന്ന് തിരിച്ചറിയാന്‍ നേതൃത്വത്തെ സജ്ജമാക്കുന്നു.

പ്രഗതി അവലോകനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രിയുടെ പങ്കാണ് ഇതിന്റെ ഫലപ്രാപ്തിയുടെ കേന്ദ്രബിന്ദു. കാര്യക്ഷമത ഒരു ദേശീയ മുന്‍ഗണനയാണെന്നും നിര്‍വ്വഹണ പരാജയങ്ങള്‍ ഉന്നതതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുമെന്നും, നേരിട്ടുള്ള ഇടപെടലിലൂടെ അദ്ദേഹം വ്യക്തമായ സന്ദേശം നല്‍കുന്നു. ഇത് നിര്‍ണായക തീരുമാനങ്ങളുടെ വേഗം കൂട്ടി. അവലോകനങ്ങളെ ഗുണഫലങ്ങളിലേക്ക് കര്‍ശനവും സമയബന്ധിതവുമായ ചട്ടക്കൂടിലൂടെ പരിവര്‍ത്തനം ചെയ്തു. അവലോകന യോഗങ്ങളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അന്തിമവും സമയബന്ധിതവും ഡിജിറ്റലായി രേഖപ്പെടുത്തുന്നതുമാകയാല്‍, ഉത്തരവാദിത്തം വ്യക്തവും നിര്‍ബന്ധിതവുമായിത്തീരുന്നു.

സാങ്കേതികവിദ്യ ഇവിടെ ഒരു നിര്‍ണായക ഘടകമാണ്. തത്സമയ ഡാറ്റ, ജിയോസ്‌പേഷ്യല്‍ ദൃശ്യവത്ക്കരണം, താഴെത്തട്ടിലെ ഉദ്യോഗസ്ഥരുമായുള്ള തത്സമയ ഇടപെടലുകള്‍ എന്നിവ പങ്കാളികള്‍ തമ്മിലുള്ള വിവരവിനിമയ പരിമിതി നിശ്ശേഷം ഇല്ലാതാക്കി. തീരുമാനമെടുക്കല്‍ പ്രക്രിയ ദൃഷ്ടാന്തങ്ങളില്‍ അധിഷ്ഠിതമാണെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു. സാങ്കേതികവിദ്യ ഭരണപരമായ വിവേചനാധികാരത്തെ മാറ്റിസ്ഥാപിക്കുന്നില്ല എന്നതാണ് മറ്റൊരു സുപ്രധാന വസ്തുത; മറിച്ച് അതിനെ ശക്തിപ്പെടുത്തുന്നതിലൂടെയാണ് സംവിധാനത്തിനുള്ളില്‍ നേതൃത്വത്തിന്റെ ഉത്തരവാദിത്തം കൂടുതല്‍ ദൃഢമാക്കുന്നത്.

മുന്‍കാല അവലോകന സംവിധാനങ്ങളില്‍ നിന്ന് പ്രഗതിയെ വ്യത്യസ്തമാക്കുന്നത് ‘പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ബന്ധം’ തന്നെയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ അവലോകനം സജീവമായി തുടരുകയും, കാബിനറ്റ് സെക്രട്ടേറിയറ്റും പ്രധാനമന്ത്രിയുടെ ഓഫീസും തുടര്‍ച്ചയായി പുരോഗതി നിരീക്ഷിക്കുകയും ചെയ്യുന്നു. കാലക്രമേണ, ഈ നിരീക്ഷണം ഭരണപരമായ സമീപനത്തെ പുനര്‍നിര്‍വ്വചിക്കുകയും, സംഘര്‍ഷങ്ങള്‍ അനിവാര്യമായിത്തീരുന്നതിന് മുന്‍പേ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ മന്ത്രാലയങ്ങളെയും സംസ്ഥാനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ആത്യന്തിക ഗുണഫലങ്ങള്‍
ഫലങ്ങള്‍ ദൃശ്യവും അനുഭവവേദ്യവുമാണ്. 85 ലക്ഷം കോടിയിലധികം മൂല്യമുള്ള പദ്ധതികള്‍ പ്രഗതിയുടെ ഇടപെടലിലൂടെ ദ്രുതഗതിയിലുള്ള വളര്‍ച്ച കൈവരിച്ചു. സമീപ വര്‍ഷങ്ങളില്‍, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ പത്ത് പ്രധാന പദ്ധതികള്‍ പ്രഗതി ചട്ടക്കൂടിനുകീഴില്‍ അവലോകനം ചെയ്യപ്പെട്ടു. തടസ്സങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുകയും സമയബന്ധിതമായി പരിഹരിക്കുകയും ചെയ്തതിലൂടെ നിര്‍വ്വഹണം വേഗത്തിലായി.

ലോഥലിലെ ദേശീയ സമുദ്ര പൈതൃക സമുച്ചയം (National Maritime Heritage Complex – NMHC) കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍സാംസ്‌കാരികം, പ്രതിരോധം, വിദേശകാര്യം, റെയില്‍വേ, ദേശീയപാതകള്‍ ഗുജറാത്ത് സര്‍ക്കാര്‍, കൂടാതെ തീരദേശ സംസ്ഥാനങ്ങളില്‍ പവലിയനുകള്‍ സ്ഥാപിക്കുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങള്‍ എന്നിവയെ ഉള്‍ക്കൊള്ളുന്ന, ബഹുപങ്കാളിത്തവും സങ്കീര്‍ണ്ണതകളും ഉള്ള ഒരു വന്‍കിടപദ്ധതിയാണ്. കഴിഞ്ഞ വര്‍ഷം NMHC പ്രഗതി അജണ്ടയില്‍ ഉള്‍പ്പെടുത്തിയതോടെ, പല തലങ്ങളിലായി നടപടികള്‍ക്ക് ഗതിവേഗം കൂടി., പ്രധാനമന്ത്രിയുടെ അവലോകനത്തിനായി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അജണ്ട നിശ്ചയിക്കപ്പെടുന്നതിനാല്‍, ബന്ധപ്പെട്ട എല്ലാവര്‍ക്കും അടിയന്തര പ്രാധാന്യത്തോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവസരം ലഭിക്കുന്നു.

അതുപോലെ തന്നെ, ഉത്തര്‍പ്രദേശ്, ബീഹാര്‍, ത്സാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത1ല്‍ നടപ്പിലാക്കുന്ന ജല്‍ മാര്‍ഗ് വികാസ് പദ്ധതി പ്രഗതിയുടെ കീഴില്‍ രണ്ടുതവണ അവലോകനം ചെയ്യപ്പെട്ടു. ഈ അവലോകനങ്ങള്‍ മുഖേന നിര്‍വ്വഹണത്തിലെ പ്രധാന തടസ്സങ്ങള്‍ സമയബന്ധിതമായി പരിഹരിക്കപ്പെട്ടു. തദ്ഫലമായി, പദ്ധതി ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്.

പ്രഗതി ഒരു നിര്‍ണായക സത്യത്തിന് അടിവരയിടുന്നു: പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലൂടെയോ പണം അനുവദിക്കുന്നതിലൂടെയോ അല്ല, അവയെ ദൃഷ്ടിഗോചരവും മൂര്‍ത്തവുമായ ഫലങ്ങളാക്കി പരിവര്‍ത്തനം ചെയ്യുന്നു എന്നത് ഉറപ്പാക്കുന്നതിലൂടെയാണ് യഥാര്‍ത്ഥ മൂല്യം സൃഷ്ടിക്കപ്പെടുന്നത്. നയങ്ങള്‍ പുനര്‍ലേഖനം ചെയ്യുന്നതിലൂടെയല്ല, മറിച്ച് നിര്‍വ്വഹണ പാതകള്‍ ലളിതമാക്കി ഉത്തരവാദിത്തം കൃത്യമായി പാലിക്കുന്നതിലൂടെയാണ് ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികള്‍ മുന്നോട്ട് നീങ്ങുന്നത്.
സഹകരണ ഫെഡറലിസത്തിനുള്ള പ്രഗതിയുടെ സംഭാവനകളും നിര്‍ണായകമാണ്. ചീഫ് സെക്രട്ടറിമാരെയും കേന്ദ്ര സെക്രട്ടറിമാരെയും സ്ഥാപനാധിഷ്ഠിതമായ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ തത്സമയം ഏകോപിപ്പിക്കുന്നതിലൂടെ, ഉത്തരവാദിത്ത വിഭജനങ്ങള്‍ മാറ്റി വച്ച് ഗുണഫലങ്ങളുടെ സംയുക്ത ഉടമസ്ഥാവകാശത്തെ പ്രഗതി ഊട്ടിയുറപ്പിക്കുന്നു. ഇതുവഴി, ഭരണതലത്തിലെ ഏകോപനം നിര്‍വ്വഹണത്തിലൂടെയുള്ള ദൈനംദിന യാഥാര്‍ത്ഥ്യമായി മാറുന്നു.

ഭരണനിര്‍വ്വഹണത്തിന്റെ ഗുണഫലങ്ങള്‍ സ്ഥാപന രൂപകല്‍പ്പനയുടെ നേരിട്ടുള്ള പ്രതിഫലനമാണെന്നതിന്റെ തെളിവായി പ്രഗതി@50 നിലകൊള്ളുന്നു. ഒറ്റപ്പെട്ടതും പരിമിതവുമായ ചിന്തയും പ്രവൃത്തിയും തച്ചുടയ്‌ക്കുക, ഭരണ നിര്‍വ്വഹണത്തിലെ വിഗഹവീക്ഷണം പുനഃസ്ഥാപിക്കുക, ‘പദ്ധതി പൂര്‍ത്തീകരണത്തിന് മുന്‍ഗണന നല്‍കുക തുടങ്ങിയ കാഴചപ്പാടുകളിലൂടെ, കൂടുതല്‍ കാര്യങ്ങള്‍ സാധ്യമാക്കുന്നതില്‍ മാത്രമല്ല, അനുവദിച്ച കാര്യങ്ങള്‍ വേഗത്തിലും മികച്ച രീതിയിലും ഏകോപിതമായും നടപ്പിലാക്കുന്നതിലുമാണ് ഭരണവിജയമെന്ന് പ്രഗതി തെളിയിക്കുന്നു. സമയബന്ധിത നിര്‍വ്വഹണം സേവനങ്ങളിലേക്കുള്ള പ്രവേശനം വേഗത്തിലാക്കുകയും, സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും, പ്രാദേശിക അസമത്വങ്ങള്‍ കുറയ്‌ക്കുകയും, സര്‍ക്കാരിന്റെ ഭരണ ശേഷിയിലുള്ള പൊതുജനവിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നേതൃത്വം പ്രായോഗികമായി എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനുള്ള ഒരു മാര്‍ഗ്ഗരേഖയും, ഭരണസങ്കീര്‍ണ്ണത കൈകാര്യം ചെയ്യുന്നതിനുള്ള ഒരു രൂപരേഖയുമാണ് പ്രഗതി. ആഗോളതലത്തില്‍ ഇതിന് ലഭിക്കുന്ന ശ്രദ്ധയും അംഗീകാരവും, മൂര്‍ത്തമായ ഫലങ്ങളും സേവനങ്ങളും കേന്ദ്രീകരിച്ചുള്ള ഭരണ നിര്‍വ്വഹണ മാതൃകയ്‌ക്ക് വ്യക്തമായ അംഗീകാരമാണ്.

(കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിലെ മുന്‍ സെക്രട്ടറിയാണ് ലേഖകന്‍)

By admin