ചെന്നൈ: ചെസ്സില്‍ ഇന്ത്യയുടെ പടയോട്ടം അവസാനിക്കുന്നില്ല. അവസാന റൗണ്ടായ ഒമ്പതാം റൗണ്ടില്‍ തുര്‍ക്കിയുടെ ഗുറേല്‍ എഡിസുമായി സമനിലയില്‍ പിരിഞ്ഞതോടെ ആറ് പോയിന്‍റുകളോടെയാണ് അരവിന്ദ് ചിതംബരം ചാമ്പ്യനായത്. ഗുകേഷ് ലോകചെസ് കിരീടം നേടിയതിനും പ്രജ്ഞാനന്ദ ടാറ്റാ സ്റ്റീല്‍ കിരീടം നേടിയതിനും പിന്നാലെയാണ് പ്രാഗ് ചെസ്സില്‍ അരവിന്ദ് ചിതംബരവും ചാമ്പ്യനായിരിക്കുന്നത്.
വിശ്വനാഥന്‍ ആനന്ദിനേക്കാള്‍ മുന്‍പില്‍ അരവിന്ദ്
25കാരനായ അരവിന്ദ് ചിതംബരം ഈ വിജയത്തോടെ ചെസില്‍ അറിയപ്പെടുന്ന ഗ്രാന്‍റ് മാസ്റ്റര്‍ ആയിരിക്കുന്നു. മാത്രമല്ല, ലൈവ് ഫിഡേ റാങ്കിംഗില്‍ ഇപ്പോള്‍ 14ാമത്തെ ലോകറാങ്കിംഗ് ആണ് അരവിന്ദ് ചിതംബരം നേടിയത്. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനേക്കാള്‍ റാങ്കിങ്ങില്‍ മുന്നിലെത്തിയിരിക്കുകയാണ് അരവിന്ദ് ചിതംബരം. ഈ വിജയത്തോടെ അരവിന്ദ് ചിതംബരത്തിന്റെ റേറ്റിംഗ് 2743 ആയി. ഇതോടെ ഉയര്‍ന്ന ടൂര്‍ണ്ണമെന്‍റുകളിലേക്ക് ക്ഷണം ലഭിയ്‌ക്കാന്‍ അരവിന്ദ് ചിതംബരത്തിനുള്ള സാധ്യത ഏറി.
അവസാനറൗണ്ടില്‍ ഡച്ച് താരം അനീഷ് ഗിരിയുമായി തോറ്റതോടെയാണ് വെറും അഞ്ചുപോയിന്‍റ് മാത്രമുള്ള പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. കിംഗ്സ് ഇന്ത്യന്‍ ഡിഫന്‍സിലുള്ള കളിയില്‍ തേരിനെ (റൂക്ക്) കുറഞ്ഞ പോയിന്‍റുള്ള കരുക്കള്‍ക്ക് പകരം സ്വന്തമാക്കുകയായിരുന്നു പ്രജ്ഞാനന്ദ.