• Fri. Dec 5th, 2025

24×7 Live News

Apdin News

പ്രജ്ഞാനന്ദയ്‌ക്ക് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പ്രവേശനം ലഭിച്ചേയ്‌ക്കും; ലണ്ടന്‍ ക്ലാസിക് ചെസ്സില്‍ ചാമ്പ്യന്മാരായ മൂവരില്‍ പ്രജ്ഞാനന്ദയും

Byadmin

Dec 5, 2025



ന്യൂദല്‍ഹി: ലോക ചെസ് ചാമ്പ്യനായ ഡി.ഗുകേഷിനെ വെല്ലുവിളിക്കാന്‍ യോഗ്യതയുള്ള കളിക്കാരനെ കണ്ടെത്താനുള്ള 2026ലെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പ്രജ്ഞാനന്ദയ്‌ക്ക് പ്രവേശനം ലഭിച്ചേക്കും. ആകെ എട്ട് പേരാണ് ഈ ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുക.

ഇതില്‍ ഗോവയില്‍ നടന്ന ഫിഡെ ലോക ചെസ്സില്‍ ആദ്യ മൂന്ന് സ്ഥാനക്കാരായ ജൊവോഖിര്‍ സിന്‍ഡറോവ് (ജര്‍മ്മനി) വെയ് യി (ചൈന), ആന്‍ഡ്രി എസിപെന്‍കോ എന്നിവര്‍ നേരത്തെ കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരുന്നു. ഈ വര്‍ഷം നടന്ന ഫിഡെ ഗ്രാന്‍റ് സ്വിസില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ അനീഷ് ഗീരി (ഡച്ച് ), മത്യാസ് ബ്ലൂബോം (ജര്‍മ്മനി) എന്നിവരും കാന്‍ഡിഡേറ്റ്സില്‍ യോഗ്യത നേടിയിരുന്നു.

2024 ഫിഡെ സര്‍ക്യൂട്ടിലെ റേറ്റിംഗ് പ്രകാരം നേരത്തെ തന്നെ ഫാബിയാനോ കരുവാന (അമേരിക്ക) യോഗ്യത നേടിയിരുന്നു. ഇനി 2025ലെ ഫിഡെ സര്‍ക്യൂട്ട് ബോര്‍ഡിലെ റേറ്റിംഗ് കൂടിയ ഒരു താരത്തിന് കൂടി കാന്‍ഡിഡേറ്റ്സില്‍ പ്രവേശനം ലഭിക്കും. ഇപ്പോള്‍ 105 റേറ്റിംഗ് നേടി നില്‍ക്കുന്ന പ്രജ്ഞാനന്ദയാണ് തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത. ഇപ്പോള്‍ ലണ്ടനില്‍ നടക്കുന്ന എക്സ് ടിഎക്സ് ക്ലാസിക് ഓപ്പണില്‍ പ്രജ്ഞാനന്ദ ഫൈനലില്‍ എത്തിക്കഴിഞ്ഞു. ഇപ്പോള്‍ ആറര പോയിന്‍റ് നേടിനില്‍ക്കുന്ന പ്രജ്ഞാനന്ദ അവസാനറൗണ്ട് മത്സരത്തില്‍ എതിരാളിയായ ഇവിക് വെലിമിറുമായി സമനിലയില്‍ പിരിഞ്ഞതോടെ മൂന്ന് പേര്‍ ഏഴ് പോയിന്‍റുകളോടെ ചാമ്പ്യന്മാരായി. പ്രജ്ഞാനന്ദ, ഇവിക് വെലിമിര്‍, അമീത് കെ ഗാസി എന്നിവരാണ് ചാമ്പ്യന്മാരായത്. പ്രജ്ഞാനന്ദയ്‌ക്ക് ഇതോടെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പ്രവേശനം നേടാന്‍ ഡിസംബര്‍ അവസാനം വരെ കാത്തിരിക്കേണ്ടിവരും. അതിനിടെ ലോക റാപ്പിഡ്, ലോക ബ്ലിറ്റ്സ് എന്നിവ കൂടി നടക്കാനുണ്ട് ഇതിന്റെ കൂടി ഫലപ്രഖ്യാപനം വന്നാലെ പ്രജ്ഞാനന്ദ കാന്‍ഡിഡേറ്റ്സില്‍ പ്രവേശനം നേടുമോ എന്ന് അറിയാന്‍ സാധിക്കൂ.

 

By admin