
പ്രണവ് മോഹൻലാൽ നായകനായ ഡയസ് ഇറെ തിയേറ്ററുകളിൽ നിറഞ്ഞാടുകയാണ്. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രത്തിന്റെ കളക്ഷനും വലിയ രീതിയിൽ മുന്നേറുകയാണ്. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. ഒരിക്കൽ പ്രണവിന് അഭിനയിക്കാൻ അറിയില്ലെന്ന് വരെ ചിലർ പറഞ്ഞു നടന്നതായി ആലപ്പി അഷ്‌റഫ് യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ എടുത്തുപറയുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സിനിമയെ കുറിച്ചുള്ള ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്നത് പ്രണവ് മോഹൻലാലാണ്. മലയാള സിനിമ നിലവിൽ പണം കൊയ്യുന്നത് ചാത്തൻ സിനിമകിലൂടെയും പ്രേത കഥകളിലൂടെയും ഒക്കെയാണ്. വമ്പൻ പണക്കൊഴുപ്പിൽ എടുത്ത പ്രിയദർശന്റെ കുഞ്ഞാലി മരക്കാരും മോഹൻലാലിന്റെ ബറോസും ഒക്കെ എട്ടുനിലയിൽ പൊട്ടിയപ്പോൾ അവരുടെ മക്കൾ കളത്തിൽ ഇറങ്ങി അടിച്ചു പൊളിച്ചു പൂന്തുവിളയാടി പണവും പ്രശസ്‌തിയും വാരിക്കൂട്ടി എന്ന് തന്നെ പറയാം.
ലോക എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശനും ഡയസ് ഇറയിലൂടെ പ്രണവ് മോഹൻലാലും. ഒട്ടേറെ ചിത്രങ്ങളിൽ കല്യാണിയും പ്രണവും അഭിനയിച്ചിട്ടുണ്ടെങ്കിലും കല്യാണിയെ ലോകയിലൂടെയും പ്രണവിനെ ഡയസ് ഇറയിലൂടെയും അടയാളപ്പെടുത്തും. ലോകയുടെ കാര്യമെടുത്താൽ അത് ദുൽഖറിനും അഭിമാന നേട്ടമാണ്. അങ്ങനെ നോക്കുമ്പോൾ ആ ചിത്രം പ്രിയനും മോഹൻലാലിനും ഒപ്പം മമ്മൂട്ടിക്കും അഭിമാനിക്കാവുന്ന കാര്യമാണ്.
ഡയസ് ഇറെ കണ്ടപ്പോൾ എനിക്ക് തോന്നിയത് മലയാള സിനിമ ഇപ്പോൾ സാങ്കേതികമായി ലോക നിലവാരത്തിൽ ആണെന്നാണ്. രാഹുൽ സദാശിവൻ എന്ന സംവിധായകന്റെ മികവിനെ അറിയാൻ ഭ്രമയുഗം എന്ന ചിത്രത്തിന്റെ ചരിത്രം പരിശോധിച്ചാൽ മതിയാവും. മമ്മൂട്ടിയെ പോലെയുള്ള സൂപ്പർതാരത്തിന് അടുത്തേക്ക് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവുമായി ചെന്നാൽ കണ്ടംവഴി ഓടിച്ചു വിടാനാണ് സാധ്യത.
പക്ഷേ മമ്മൂട്ടിയെ പറഞ്ഞു ബോധ്യപ്പെടുത്താൻ സാധിച്ചു. അത് സംവിധായകന്റെ മികവ് തന്നെയാണ്. ആ കണക്കുകൂട്ടലുകൾ തെറ്റിച്ചില്ല. ആ ചിത്രത്തിലെ ഒരു കഥാപാത്രമായി വരേണ്ടത് സൗബിൻ ഷാഹിർ വരണമെന്നായിരുന്നു മമ്മൂട്ടി മുന്നോട്ട് വച്ച നിബന്ധന. എന്നാൽ കൂലി എന്ന ചിത്രത്തിലെ ഷെഡ്യൂൾ നീണ്ടതോടെ അത് നടക്കാതെയാവുകയായിരുന്നു. പകരം ആ വേഷത്തിൽ എത്തിയ അർജുൻ അശോകൻ നന്നായി അഭിനയിച്ചു.
ഡയസ് ഇറെയിൽ സമ്പൂർണമായി പ്രേതത്തെ തന്നെയാണ് രാഹുൽ സദാശിവൻ കൊണ്ട് വന്നത്. ഡയസ് ഇറെ അത്ര പരിചിതമല്ലാത്ത പേരാണ്, പലരും ഇതിന്റെ അർത്ഥവും തേടി നടക്കുന്നുണ്ട്. റോമൻ കത്തോലിക്കർ മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ഗീതമാണ് ഡയസ് ഇറെ. പ്രതീക്ഷകളോട് നൂറ് ശതമാനം നിലവാരം പുലർത്തുന്നതാണ് തിയേറ്ററിലെ സ്ഥിതി. ഓരോ സിനിമ കഴിയുന്തോറും പ്രണവിലെ നടൻ വീണ്ടും മെച്ചപ്പെടുകയാണ്.
അതിസൂക്ഷ്‌മമായി ഇതിലെ ഓരോ ഭാവ ചലനങ്ങളും പ്രണവ് കൈകാര്യം ചെയ്‌തിട്ടുണ്ട്. അത് എടുത്ത് പറയേണ്ടതും അഭിനനന്ദനാർഹമാണ്. രോഹൻ എന്ന സങ്കീർണമായ കഥാപാത്രത്തെ പ്രണവ് വളരെ അനായാസമായി കൈകാര്യം ചെയ്‌തിരിക്കുന്നു. അധികം സംഭാഷണങ്ങളോ കഥാപത്രമായ ആവശ്യമില്ലെന്ന് രാഹുൽ തെളിയിച്ചു.
പ്രണവിന് അഭിനയിക്കാൻ അറിയില്ല, മരത്തിൽ കേറാനും അലഞ്ഞു തിരിഞ്ഞ് തെണ്ടിത്തിരിയാനും നടക്കാനുമാണ് വിധിയെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ ചിത്രമെന്നും അതിനുള്ള മധുരപ്രതികരണമാണ് ഇതെന്നും പറയാം. താരജാഡയിലോ താരപ്രഭയിലോ കണ്ണഞ്ചുന്നതല്ല പ്രണവിന്റെ വ്യക്തിത്വം.
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാൻ പ്രണവിനെ കുറിച്ച് എഴുതിയിരുന്നു, ഫേസ്‌ബുക്കിൽ ഞാൻ പ്രണവ് ഒരു വരദാനമാണ് എന്നാണ് കുറിച്ചത്. ഞാൻ മോഹൻലാലിൽ നിന്ന് പണം വാങ്ങിയെന്നായിരുന്നു ചിലർ ആരോപിച്ചത്. അന്ന് ഞാൻ അങ്ങനെ പറഞ്ഞപ്പോൾ ഒരുപാട് സൈബർ ആക്രമണം എനിക്ക് നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ അത് സത്യമാണെന്ന് തെളിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.