• Wed. Feb 4th, 2026

24×7 Live News

Apdin News

പ്രതികളില്‍ ചിലര്‍ മാപ്പുസാക്ഷികളാകും; സ്വര്‍ണക്കൊള്ളയില്‍ കരട് കുറ്റപത്രം തയാറാക്കുന്നു

Byadmin

Feb 4, 2026



പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ചില പ്രതികളെയും ജീവനക്കാരെയും മാപ്പുസാക്ഷികളാക്കി എസ്‌ഐടി കരട് കുറ്റപത്രം തയാറാക്കുന്നു. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മെമ്പര്‍മാരായ ശങ്കരദാസ്, വിജയകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു എന്നിവരടക്കം ഏതാനും പേര്‍ മാത്രമാകും പ്രതികള്‍. ബാക്കിയുള്ളവര്‍ മാപ്പുസാക്ഷികളായി മാറും.

അറസ്റ്റിലായ പല ഉദ്യോഗസ്ഥരും ഇതിനോടകം എസ്‌ഐടി മുമ്പാകെ രഹസ്യ മൊഴി നല്‍കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തുക്കളായ ബെംഗളൂരു ശ്രീരാംപുരയിലുള്ള അനന്തസുബ്രഹ്മണ്യം, രമേശ് റാവു എന്നിവരും മാപ്പുസാക്ഷികളായേക്കും. ഇവരാണ് 2019 ജൂലൈ 19, 20 തീയതികളില്‍ ദ്വാരപാലക പാളികള്‍ സന്നിധാനത്ത് നിന്ന് ഏറ്റുവാങ്ങി ബെംഗളൂരുവില്‍ എത്തിച്ചത്. പിന്നീട് ഈ പാളികള്‍ ഹൈദരാബാദിലേക്കാണ് കൊണ്ടുപോയത്.

നാഗേഷ് എന്ന വ്യക്തിയുടെ കൈവശം പാളികള്‍ ദിവസങ്ങളോളം ഉണ്ടായിരുന്നു. നാഗേഷിനെയും എസ്‌ഐടി ചോദ്യം ചെയ്തതായാണ് അറിയുന്നത്. ഇയാള്‍ സാക്ഷിപ്പട്ടികയില്‍ വന്നേക്കും. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് 474 ഗ്രാം സ്വര്‍ണം ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്റെ ജൂവലറിയില്‍ എത്തിച്ച രാജസ്ഥാന്‍ സ്വദേശിയും ചെന്നൈയിലെ ജൂവലറി ജീവനക്കാരനുമായ കല്‍പേഷും സാക്ഷിയാകും.

തൊണ്ടി മുതല്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം ബോധിപ്പിച്ചാണ് കുറ്റപത്രം തയാറാക്കുന്നത്. യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വിറ്റിരുന്നോ എന്നത് തെളിയിക്കണമെങ്കില്‍ വിഎസ്എസ്‌സിയിലെ അന്തിമ പരിശോധനാ
ഫലം ലഭിക്കേണ്ടതുണ്ട്.

ഈ മാസം 9ന് ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ ഇതില്‍ വ്യക്തത വന്നേക്കും. സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍ എന്നിവര്‍ക്ക് കേസുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കാന്‍ ഇതുവരെ എസ്‌ഐടിക്ക് ആയിട്ടില്ല. നാഗേഷ്, കല്‍പേഷ് എന്നിവരുടെ മൊഴികളാണ് ഇവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.

By admin