• Mon. Jan 6th, 2025

24×7 Live News

Apdin News

പ്രതികള്‍ക്ക് പാര്‍ട്ടി പിന്തുണയുണ്ട്, അവര്‍ കമ്മ്യൂണിസ്റ്റുകാരാണ്; പ്രതികളെ സന്ദര്‍ശിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍

Byadmin

Jan 4, 2025


കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികളെ സിബിഐ കോടതിയിലെത്തി സന്ദര്‍ശിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍. ശിക്ഷിക്കപ്പെട്ടവര്‍ കമ്മ്യൂണിസ്റ്റുകാരാണെന്നും, അതുകൊണ്ടാണ് സന്ദര്‍ശിക്കാന്‍ വന്നതെന്നും സി.എന്‍ മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അവര്‍ കമ്മ്യൂണിസ്റ്റുകാരാണ്. അവരെ സന്ദര്‍ശിക്കുന്നതില്‍ അസ്വാഭാവികതയില്ല. കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ. ശിക്ഷാവിധിക്കെതിരെ അപ്പീല്‍ നല്‍കണമോയെന്നത് അവിടുത്തെ പാര്‍ട്ടി തീരുമാനിക്കും. പ്രതികള്‍ക്ക് തീര്‍ച്ചയായും പാര്‍ട്ടി പിന്തുണയുണ്ട്. അതില്‍ സംശയമില്ല, പാര്‍ട്ടി നേതാക്കന്മാരല്ലേ അവര്‍,’ സി.എന്‍ മോഹനന്‍ പറഞ്ഞു.

കേസില്‍ പ്രമുഖ സിപിഎം നേതാക്കളും മുന്‍ എംഎല്‍എയും ഉള്‍പ്പടെയുള്ള പ്രതികളാണ് ഇന്ന് ശിക്ഷിക്കപ്പെട്ടത്. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി എന്‍. ശേഷാദ്രിനാഥനാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്.

By admin