• Wed. Feb 25th, 2026

24×7 Live News

Apdin News

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു, നടപടി കെ എസ് യു പ്രതിഷേധത്തില്‍ വീണ ജോര്‍ജിന് പരിക്കേറ്റ പശ്ചാത്തലത്തില്‍

Byadmin

Feb 25, 2026



ആലപ്പുഴ: പുതുയുഗ യാത്ര നയിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു. കണ്ണൂരില്‍ കെഎസ്യു പ്രതിഷേധത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ പശ്ചാത്തലത്തിലാണ് ഇത്.

ഇടത് സംഘടനകളുടെ പ്രതിഷേധസാധ്യത കണക്കിലെടുത്താണ് നടപടി.കെ പി സി സി ആസ്ഥാനത്തും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്കും സുരക്ഷ ഏര്‍പ്പെടുത്തി.

അതിനിടെ, ആരോഗ്യമന്ത്രിയെ ആക്രമിച്ചെന്ന് ആരോപിച്ച് സിപിഎം വ്യാപക പ്രതിഷേധം നടത്തുകയാണ്.വനിതാ മന്ത്രിയെ കയ്യേറ്റം ചെയ്തത് ശരിയായില്ലെന്നും മന്ത്രിയോട് യുഡിഎഫ് മാപ്പ് പറയണമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റേത് ഹീനമായ രാഷ്‌ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.മന്ത്രിക്കെതിരെ നടന്നത് വധശ്രമമെന്ന് എം.വി ഗോവിന്ദന്‍ ആരോപിച്ചു.

അതേസമയം, മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും, ദൃശ്യങ്ങള്‍ തെളിവായി ഉണ്ടെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.ആരോഗ്യ മന്ത്രിക്ക് ഓസ്‌കാര്‍ കൊടുക്കണമെന്ന് കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി ഫേസ്ബുക്കില്‍ കുറിച്ചു.

കെഎസ്യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചു. തികച്ചും പൊലീസ് വലയത്തില്‍ ആയിരുന്ന ആരോഗ്യമന്ത്രിക്ക് ഒരു തരത്തിലുമുള്ള ദേഹ ഉപദ്രവമോ മറ്റോ ഉണ്ടായില്ല. എന്നാല്‍ മന്ത്രി ഒരു രക്തസാക്ഷി പരിവേഷം കിട്ടാന്‍ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള അഭിനയവുമായി മുന്നോട്ട് പോകുന്നത്. ഇത് തികച്ചും ബാലിശമാണ്. കെഎസ്യു പ്രവര്‍ത്തകര്‍ തികച്ചും ജനാധിപത്യ രീതിയില്‍ മാത്രമേ സമരം ചെയ്തിട്ടുള്ളുവെന്നും ഫര്‍ഹാന്‍ മുണ്ടേരി പറഞ്ഞു.

വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്യാന്‍ എത്തിയ മന്ത്രിയെ ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ച് പ്രതിഷേധക്കാര്‍ തടഞ്ഞു.ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് മന്ത്രിയുടെ കഴുത്തിനും കൈയ്‌ക്കും പരിക്കേറ്റു.

 

 

By admin