വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ പുതിയ മൊഴി പുറത്ത്. കാമുകിയായ ഫർസാനയോട് തനിക്ക് പ്രണയമുണ്ടായിരുന്നില്ലെന്നും കടുത്ത പകയാണ് ഉള്ളതെന്നുമാണ് അഫാൻ പറയുന്നത്. ഇതാണ് ഫർസാനയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്.
ഫർസാന ഒറ്റുപ്പെടുമെന്ന കാരണത്തിലാണ് അവരെ കൊലപ്പെടുത്തിയതെന്നാണ് അഫാന്റെ നേരത്തെയുള്ള മൊഴി. മറ്റ് നാല് പേരെ കൊലപ്പെടുത്തിയ വിവരം ഫർസാനയെ അറിയിച്ചിരുന്നുവെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്.
ഫർസാന പണയംവെക്കാനായി അഫാന് മാല നൽകിയിരുന്നു. ഇത് തിരികെ ചോദിച്ചതാണ് പകക്കുകള്ള കാരണം. മാല പണയംവെച്ച വിവരം ഫർസാനയുടെ വീട്ടിൽ അറിഞ്ഞിരുന്നു. ഇത് ദേഷ്യം കൂടാൻ കാരണമായി. തെളിവെടുപ്പിന്റെ സമയത്താണ് അഫാൻ പുതിയ വെളിപ്പെടുത്തൽ നടത്തിയത്.
മാതാവ് മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെയെല്ലാം കൊലപ്പെടുത്താൻ ഉറപ്പിച്ചതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ വെളിപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ‘‘ഉമ്മ മരിച്ചില്ലെന്നത് അറിഞ്ഞിരുന്നില്ല. രണ്ടു ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞത്. താനും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നെന്നും’’ അഫാൻ വ്യക്തമാക്കി.
പൂജപ്പുര സെൻട്രൽ ജയിൽ ഉദ്യോഗസ്ഥരോടാണ് അഫാൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് അഫാനെ ജയിലിലേക്ക് മാറ്റിയത് കഴിഞ്ഞ ദിവസമാണ്. ജയിൽപ്രവേശനത്തിന് മുന്നോടിയായി പ്രതിയുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നതിനുള്ള ആശയവിനിമയത്തിനിടെയാണ് വെളിപ്പെടുത്തലുകൾക്ക് അഫാൻ തയാറായതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
‘‘ജീവിതത്തില്‍ ഏറ്റവും ഇഷ്ടം ഉമ്മയോടും അനുജനോടും പെൺസുഹൃത്തിനോടുമായിരുന്നു. കടം കൈയിലൊതുങ്ങാതെ വന്നതോടെ, കുടുംബത്തോടെ ജീവനൊടുക്കാന്‍ ആദ്യം തീരുമാനിച്ചു. കൂട്ട ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. ഇത് നടക്കാതെ വന്നതോടെ, മറ്റുള്ളവരെ കൊലപ്പെടുത്തി താനും മരിക്കാന്‍ തീരുമാനിച്ചു.
വായ്പയുടെ പലിശ ബാധ്യത മാത്രം ദിവസവും 10,000 രൂപയോളം വന്നിരുന്നു. ഉമ്മയും അനുജനും സുഹൃത്തുമില്ലാതെ തനിക്കോ, താനില്ലാതെ അവര്‍ക്കോ ജീവിക്കാന്‍ കഴിയുകയില്ല. കടബാധ്യതയുടെ പേരിൽ കുടുംബത്തിലെ പലരും തങ്ങളെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇതുമൂലം അവരോടെല്ലാം വൈരാഗ്യമുണ്ടായിരുന്നു’’-അഫാൻ വ്യക്തമാക്കിയിരുന്നു.