ന്യൂദൽഹി: ഇന്ന് സെപ്റ്റംബർ 17 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനമാണ്. ഈ അവസരത്തിൽ രാജ്യത്തുടനീളമുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരു പ്രത്യേക പരിപാടി തന്നെ സംഘടിപ്പിക്കാൻ പോകുകയാണ് കേന്ദ്ര നേതൃത്വം.
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ രണ്ട് വരെ രാജ്യത്ത് സ്വസ്ഥ് നാരി, സശാക്ത് പരിവാർ അഭിയാൻ ആരംഭിക്കും. രാജ്യത്തുടനീളം ഒരു ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പുകൾ നടക്കും. സ്ത്രീകൾ, കൗമാരക്കാർ, കുട്ടികൾ എന്നിവരുടെ ആരോഗ്യത്തിനായി ഈ ക്യാമ്പുകൾ സ്ഥാപിക്കും.
രാജ്യത്തുടനീളമുള്ള സ്ത്രീകൾ, കൗമാരക്കാർ, കുട്ടികളുടെ ആരോഗ്യ, പോഷകാഹാര സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് ഈ ചരിത്ര പദ്ധതി ആരംഭിക്കുന്നത്. സ്ത്രീ-ശിശു ആരോഗ്യ മേഖലയിലെ ഇതുവരെയുള്ള ഏറ്റവും വലിയ പരിപാടിയായിരിക്കും ഈ കാമ്പെയ്ൻ. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും വനിതാ-ശിശു വികസന മന്ത്രാലയവും സംയുക്തമായി ഈ പരിപാടി നടത്തും.
ഈ കാമ്പയിനിന്റെ കീഴിൽ രാജ്യത്തുടനീളം ഒരു ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പുകൾ ആരംഭിക്കും. എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഈ ക്യാമ്പുകൾ ദിവസവും നടക്കും. ഈ ക്യാമ്പുകളിൽ, സ്ത്രീകൾക്കായി ഗൈനക്കോളജിസ്റ്റുകളും കുട്ടികൾക്കായി ശിശുരോഗ വിദഗ്ധരും ഉണ്ടാകും. ഇതോടൊപ്പം, ദന്തഡോക്ടർമാരും ക്യാമ്പിൽ ഉണ്ടാകും.
വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയാത്ത കുട്ടികൾക്ക് ഈ ക്യാമ്പുകളിലൂടെ അത് നൽകും. കൗമാരക്കാരായ പെൺകുട്ടികളിൽ വിളർച്ച പരിശോധനയും ചികിത്സയോടൊപ്പം നടത്തും. മാനസിക പ്രശ്നങ്ങളും പരിഹരിക്കപ്പെടും.